
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിഭാഷകനും മുൻ ന്യൂയോർക്ക് മേയറുമായ റൂഡി ഗിലാനിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രോഗലക്ഷണങ്ങൾ പ്രകടമാണോയെന്ന കാര്യം വ്യക്തമല്ലെങ്കിലും 76 കാരനായ ഗുലാനി അപകടസാദ്ധ്യത കൂടുതലുള്ളവരുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നതെന്നാണ് വിവരം. മാസ്‌ക് ധരിക്കാതെയാണ് ഗുലാനി പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. വ്യാഴാഴ്ച ഒരു സംഘം ആളുകളോടൊപ്പം മാസ്‌ക് ധരിക്കാതെ ഗുലാനി നടന്നു നീങ്ങുന്നതിന്റെ ചിത്രം സി.എൻ.എൻ പുറത്തു വിട്ടിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അട്ടിമറി ചൂണ്ടിക്കാട്ടി നിയമയുദ്ധം നടത്തുന്ന ട്രംപിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകസംഘത്തിലെ പ്രധാനിയാണ് ഗുലാനി.
വൈറ്റ് ഹൗസുമായി അടുത്ത ബന്ധം പുലർത്തുന്ന ഗുലാനി എത്രയും വേഗം ചൈനാ വൈറസിൽ നിന്ന് മുക്തി നേടി രാജ്യം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ തിരഞ്ഞെടുപ്പിനെതിരെ പോരാടാൻ സാധിക്കട്ടെയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.