
ബംഗളൂരു: രാഷ്ട്രീയ പാർട്ടി സംബന്ധിച്ച പ്രഖ്യാപനം ഉടൻ നടത്താനിരിക്കേ, മൂത്ത സഹോദരന്റെ അനുഗ്രഹം തേടി തമിഴ് സൂപ്പർതാരം രജനികാന്ത്. ഞായറാഴ്ച മൂത്ത സഹോദരനായ സത്യനാരായണ റാവുവിനെ ബംഗളൂരുവിലെ വസതിയിലെത്തി സന്ദർശിച്ചാണ് രജനി അനുഗ്രഹം വാങ്ങിയത്. രജനി സഹോദരന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങുന്നതിന്റെയും സഹോദരൻ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിക്കാനിടയായ സാഹചര്യങ്ങളും മറ്റും രജനി സഹോദരനോട് വിശദീകരിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഞായറാഴ്ച രാത്രി ബംഗളൂരുവിലെ വസതിക്ക് മുന്നിൽ രജനിയെ കാണാൻ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ബാൽക്കണിയിലേക്ക് വന്ന രജനി ആരാധകർക്കുനേരെ കൈ കൂപ്പുകയും കൈവീശി കാണിക്കുകയും ചെയ്തു.