
ലണ്ടൻ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ബ്രിട്ടനിൽ വൻ പ്രതിഷേധം. ഞായറാഴ്ച മദ്ധ്യ ലണ്ടനിൽ കൊവിഡ് നിയമങ്ങൾ ലംഘിച്ച് നടത്തിയ പ്രതിഷേധത്തിനിടെ നിരവധി പേർ അറസ്റ്റിലായി.
തലസ്ഥാനനഗരിയായ ലണ്ടന്റെ മദ്ധ്യഭാഗത്തുള്ള ഓൾഡ്വിച്ചിലെ ഇന്ത്യൻ എംബസിയിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു. ഖാലിസ്ഥാനി ഭീകരൻ പരംജീത് സിംഗ് പമ്മയെ പ്രതിഷേധക്കാർക്കിടയിൽ കണ്ടതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഞങ്ങൾ പഞ്ചാബിലെ കർഷകർക്കൊപ്പം നിലകൊള്ളുന്നു എന്ന മുദ്രാവാക്യവും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു സിക്കുകാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചത്.
കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും അതിനാൽ 30 ലധികം പേർ
ഒത്തുകൂടിയാൽ അറസ്റ്റും പിഴയും ഉണ്ടാകുമെന്നും പൊലീസുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും പൊലീസുകാർ ആവശ്യപ്പെട്ടിരുന്നു.
'ബന്ധപ്പെട്ട അധികാരികളുമായി ഇന്ത്യൻ ഹൈക്കമ്മിഷൻ സഹകരിച്ച് പ്രവർത്തിക്കുന്നു. ഞങ്ങൾ അവരുമായി ചേർന്ന് പ്രശ്‌നങ്ങൾ പരിഹരിക്കും. പ്രത്യേക അനുമതിയില്ലാതെ ആയിരങ്ങളുടെ ഒത്തുചേരൽ എങ്ങനെ നടക്കും', ഹൈക്കമ്മീഷൻ വക്താവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
'ഇന്ത്യയിലെ കർഷകരെ പിന്തുണയ്ക്കാൻ പ്രതിഷേധത്തിന് അവസരമൊരുക്കിയ ഇന്ത്യാ വിരുദ്ധ വിഘടനവാദികളാണ് സമ്മേളനത്തിന് നേതൃത്വം നൽകിയതെന്ന് വ്യക്തമായെന്ന് വക്താവ് പറഞ്ഞു. ഇന്ത്യയിലെ കാർഷിക പരിഷ്‌കരണ ബില്ലുകൾക്കെതിരായ പ്രതിഷേധം ആഭ്യന്തര ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന സർക്കാരിന്റെ നിലപാട് ഹൈക്കമ്മിഷൻ ആവർത്തിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കയിലെ മിഷിഗണിലും ബില്ലിനെതിരെ ഇന്ത്യൻ വംശജർ പ്രതിഷേധം നടത്തിയിരുന്നു. ആസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായി.