
ഫാഷൻ ട്രെൻഡുകളെക്കുറിച്ചു പറയുമ്പോൾ ഒഴിവാക്കാനാകാത്തൊരു  സംഗതിയാണ് സൺഗ്ലാസ് അഥവാ കൂളിംഗ് ഗ്ലാസ്. ഷെയ്ഡ്സ് എന്ന മറ്റൊരു നാമം കൂടി ഈ 'മസ്റ്റ് ഹാവ് അക്സെസറി"ക്കുണ്ട്. കണ്ണുകൾക്ക് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും പൊടിപടലങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്ന് മാത്രമല്ല ഒരാളുടെ വസ്ത്രധാരണത്തിന് മാറ്റു കൂട്ടുകയും ചെയ്യും സൺഗ്ലാസുകൾ. പണ്ട്  അഹങ്കാരത്തിന്റെയും ആഡംബരത്തിന്റെയും ചിഹ്നമായി കരുതിയിരുന്ന ഇവ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
കണ്ണുകളിലെ കാൻസറിനെ തടയാനും തിമിരത്തെ ഒരു പരിധി വരെ ചെറുത്തു നിൽക്കുവാനും ഇത് സഹായിക്കും. സിനിമാതാരങ്ങൾ കാമറകളുടെ നിരന്തരമായ ഫ്ളാഷുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനാണ് പ്രധാനമായും കൂളിംഗ് ഗ്ലാസുകൾ ഉപയോഗിച്ചിരുന്നത്. അത് പിന്നെ പതുക്കെ വലിയൊരു ട്രെൻഡ് ആയി മാറി. പല രൂപത്തിലും വലുപ്പത്തിലും പലതരം വസ്തുക്കൾ കൊണ്ടുള്ള ഫ്രെയിമുകൾ ഉള്ള സൺഗ്ലാസുകൾ ഇപ്പോൾ ലഭ്യമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി വിവിധ ഫാഷനുകളിലെ സൺഗ്ലാസുകൾ വിപണിയിലുണ്ട്. തങ്ങളുടെ മുഖത്തിന്റെ ആകൃതിക്കും വലിപ്പത്തിനും ചേരുന്നവ തിരഞ്ഞെടുക്കുക എന്നുള്ളത് വളരെ പ്രധാനമായ കാര്യമാണ്. പ്രിന്റഡ് ഫ്രയിംസ്, ചതുരത്തിലുള്ളതും ദീർഘചതുരത്തിലുള്ളതുമായ ഫ്രയിംസ്, വട്ടത്തിലുള്ളവ തുടങ്ങി ഇപ്പോഴത്തെ ട്രെൻഡ് ആയ മാർബിൾ ഫ്രെയിംസ് വരെ എല്ലാ പ്രമുഖ 'ഐ വെയർ" ബ്രാൻഡുകളുടെയും പക്കലുണ്ട്. വിവിധ ആകൃതിയിലുള്ള മുഖങ്ങൾക്കു ചേരുന്നത് ഏതൊക്കെ തരമാണെന്നു നോക്കാം.
ചതുരാകൃതി
ചതുരാകൃതിയാണ്  മുഖത്തിനെങ്കിൽ  വീതിയേറിയ നെറ്റിത്തടവും 'ഡിഫൈൻഡ്" ആയിട്ടുള്ള താടിയെല്ല് ഭാഗവും നിങ്ങളുടെ പ്രധാന ഫീച്ചേഴ്സ് ആയിരിക്കും. ഈ സവിശേഷതകളെ ബാലൻസ് ചെയ്യുന്ന തരത്തിലുള്ള സൺഗ്ലാസുകൾ ആകണം തിരഞ്ഞെടുക്കേണ്ടത്. വൃത്താകൃതി, ഓവൽ, ക്യാറ്റ് ഐ, ബട്ടർഫ്ലൈ തുടങ്ങിയ ഫ്രെയിമുകളാണ് യോജിക്കുന്നത്.
ഓവൽ ആകൃതി
അനുപാതം വച്ച് നോക്കുവാണെങ്കിൽ ഓവൽ ആകൃതിയുള്ളവരാണ് ഏറ്റവും ഭാഗ്യവാന്മാർ. ഏതു ട്രെൻഡും പരീക്ഷിക്കാം. എല്ലാം ഇവർക്ക് ചേരുകയും ചെയ്യും. താടിയേക്കാൾ വീതി കൂടിയ നെറ്റിയും മുഖത്തിന് വീതിയേക്കാൾ കൂടുതൽ നീളവുമായിരിക്കും. ദീർഘചതുരാകൃതിയിലുള്ള ഫ്രെയിംസ് നന്നായി യോജിക്കുന്ന ഇവർക്ക് ഏവിയേറ്റഴ്സ്, ഓവർസൈസ്ഡ് ഗ്ലാസസ് തുടങ്ങിയവയെല്ലാം ധരിക്കാം.
വട്ടമുഖക്കാർ
വട്ടമുഖമുള്ളവർക്ക് അവരുടെ വ്യക്തിത്വത്തിനും അഭിരുചിക്കുമനുസരിച്ചുള്ള സൺഗ്ലാസ് തിരഞ്ഞെടുത്ത 'സ്റ്റൈൽ സ്റ്റേറ്റ്മെന്റ് " സ്ഥാപിക്കാം. മുഖത്തിന്റെ നീളവും വീതിയും ഒരു പോലുള്ള ഇവർക്ക് നിറഞ്ഞ കവിളുകളും സോഫ്റ്റ് ആയിട്ടുള്ള ഫീച്ചേഴ്സുമായിരിക്കും. മുഖത്തിന്റെ ആകൃതിയുടെ എതിരായുള്ള ആകൃതിയിലുള്ള സൺഗ്ലാസുകൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. വട്ടമുഖക്കാർ ഒരിക്കലും വട്ടത്തിലുള്ള ഗ്ലാസുകൾ ഉപയോഗിക്കരുത്. മുഖത്തിന് കോണുകൾകുറവായതുകൊണ്ട് ഹൊറിസോണ്ടൽ ഫ്രെയിംസ്, വേഫേറേഴ്സ് , ദീർഘചതുരത്തിലുള്ള ഫ്രെയിംസ് തുടങ്ങിയവ മുഖത്തിന് നീളം തോന്നിപ്പിക്കും.
ഹൃദയാകൃതി (ഹാർട്ട് ഷേപ്പ്)
ഈ ആകൃതിയുള്ള മുഖക്കാർക്ക് കൺപുരികങ്ങളുടെ ഭാഗം വീതിയേറിയതും താടിയുടെ ഭാഗം വീതി കുറഞ്ഞതുമായിരിക്കും. ശരിയായ തരത്തിലുള്ള ഫ്രെയിംസ്  ധരിക്കുന്നതു മുഖത്തിന്റെ അഴക് വർധിപ്പിക്കുകയും ചെയ്യും നീളവും വീതിയും അനുപാതത്തിൽ ആക്കിത്തരുകയും ചെയ്യും. ഇളം നിറങ്ങളിലുള്ള ഫ്രെയിംസ്, മുകളിൽ കട്ടി കുറഞ്ഞ് താഴ്ഭാഗത്ത് കട്ടിയുള്ള തരത്തിലുള്ള ഫ്രെയിമുകളാണ് ഇവർക്ക് യോജിക്കുന്നത്.
ഡയമണ്ട് ആകൃതി
ലോകത്തിൽ അധികം പേർക്കില്ലാത്ത അപൂർവമായ ആകൃതിയാണിത്. ഇവരുടെ ഹെയർ ലൈൻ വീതി കുറഞ്ഞതായിരിക്കും. ചെവിയുടെ താഴെ മുതൽ താടിയുടെ ഭാഗം വരെ അല്പം കൂർത്ത ഈ മുഖാകൃതിക്കു ചേരുന്ന ഫ്രെയിമുകൾ ധരിച്ചാൽ അതിമനോഹരമായിരിക്കും. കണ്ണുകളുടെ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലുള്ള ഫ്രെമുകളാണ് ഇവർക്ക് യോജിക്കുന്നത്. ഓവൽ ഫ്രെയിമുകൾ, ക്യാറ്റ് ഐ ഫ്രെയിംസ്, ടോപ് എംബെല്ലിഷ്ഡ് ഫ്രെയിംസ് എല്ലാം തന്നെ വളരെ അനുയോജ്യമാണ്.
ചില സ്റ്റൈലൻ ഗ്ലാസുകൾ.

(1) സ്കിന്നി ഗ്ലാസ്
തീരെ ചെറി
യ, കണ്ണുപോലും മറയുമോയെന്ന് തോന്നിക്കുന്ന ഗ്ലാസുകൾ. 90കളിലെ ഈ ഫാഷൻ ഗ്ലാസിന് ഇന്നുമുണ്ട് ആരാധകർ. കണ്ണിനെ കാത്തുസൂക്ഷിക്കില്ലെങ്കിലും കാണാൻ നല്ല ശേലാണ്.
(2) മിറർ ലെൻസ്
ഏറെ സ്റ്റൈലിഷ്  ലുക്ക് പകരും ഇത്. കണ്ണാടിയിൽ എന്ന പോലെ ഗ്ലാസിൽ റിഫ്ളക്ഷൻ വരും. നീലനിറമുള്ള ഗ്ലാസും ഗോൾഡൻ ഫ്രെയിമും പകരുന്ന ലുക്ക് കിടുവാകും.
(3) കളർ ടിന്റഡ്
പഴയകാലത്തെ ചാരത്തിൽ നിന്ന്  ഉയർന്നുവന്ന പോലെയാണ് കളർ ടിന്റഡ് ഗ്ലാസുകൾ. മഴവിൽ വർണങ്ങളിൽ ഗ്ലാസുകൾ കിട്ടും. പല നിറത്തിലെ ഗ്ലാസുകൾ വാങ്ങിയാൽ ഇട്ടിരിക്കുന്ന ഉടുപ്പിന് അനുസരിച്ച് മാറ്റിമാറ്റി വെക്കാമല്ലോ. കീശ കീറാതെ നോക്കണേ.
(4) ഓവർ സൈസ്ഡ് സ്ക്വയർ
വേനൽനാളുകളിൽ ഉത്തമമാണ് ഇവ. സ്ക്വയർ അല്ലെങ്കിൽ റെക്ടാങ്കിൾ ലെൻസ് ഫ്രെയിമിൽ മുഖം മറയ്ക്കുന്ന ഗ്ലാസ്. ഇടിവെട്ട് ചുവപ്പ് കളർ ഫ്രെയിം കൂടിയായാൽ ഏത് ആൾക്കൂട്ടത്തിന് ഇടയിലും ശ്രദ്ധ നേടും.
കുട്ടിക്കളിയല്ല
സൂര്യകിരണങ്ങൾ കണ്ണിൽ നേരിട്ട് പതിക്കുന്നതു കൂടാതെ തറയിലും വെള്ളത്തിലും മഞ്ഞിലും തട്ടി പ്രതിഫലിച്ച് കണ്ണിൽ പതിക്കുന്നത് അപകടമാണ്. സൂര്യരശ്മികളെ 99-100 ശതമാനം അരിപ്പ പോലെ അരിച്ചെടുക്കുക, കണ്ണിലേൽക്കുന്ന ഗെയർ കുറയ്ക്കുക, നിറങ്ങളെ വളച്ചൊടിക്കാതിരിക്കുക എന്നിവയാണ് സൺഗ്ലാസുകളുടെ പ്രത്യേകതകൾ. കടൽ തീരത്തോ മഞ്ഞുമലയിലോ യാത്ര ചെയ്യുമ്പോൾ കടുത്ത നിറത്തോടുകൂടിയ സൺഗ്ലാസുകളാണ് നല്ലത്. ടൈറ്റാനിയം, അലുമിനിയം സ്റ്റൈലറ്റസ്ഡ് സ്റ്റീൽ , പോളികാർബണേറ്റ്, ആക്രലിക്, പ്ലാസ്റ്റിക് തുടങ്ങിയ ലോഹങ്ങൾ കൊണ്ടാണ് സൺഗ്ലാസുകൾ നിർമിക്കുന്നത്. ട്രൈയാസറ്റേറ്റ് കൊണ്ടുണ്ടാക്കുന്ന സൺഗ്ലാസുകൾക്ക് വില കുറവാണെങ്കിലും അവ 40 ശതമാനമേ യൂവി രശ്മികൾ വലിച്ചെടുക്കൂ. കനം കുറഞ്ഞതും എന്നാൽ ബലമേറിയതും മുഖത്തിന് പാകമായതും വേണം ധരിക്കാൻ. ഫാഷനനുസരിച്ച് നിറവും ഫ്രെയിമിന്റെ ആകൃതിയും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. പോളീകാർബണേറ്റ് കൊണ്ട് നിർമിച്ച സൺഗ്ലാസുകൾ ഭാരം കുറവുള്ളതും പോറൽ വീഴാൻ സാദ്ധ്യത കുറവുള്ളതുമാണ്. സൂര്യപ്രകാശമേൽക്കാതിരിക്കുമ്പോഴും സൺഗ്ലാസുകൾ ഉപയോഗിക്കുന്നത് കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകില്ല.
മികച്ചതു തന്നെ വാങ്ങാം
മിക്കവരും കരുതുന്നത് ഏതു ചെറിയ ഇനം കൂളിംഗ് ഗ്ലാസും കണ്ണിനു സംരക്ഷണം നൽകും എന്നാണ്. എങ്കിൽ തെറ്റി. വഴിയരികിൽ നിന്ന് നൂറു രൂപയ്ക്ക് ലഭിക്കുന്ന ഗ്ലാസും ഒരു ഒപ്ടോമെട്രി ഷോപ്പിൽ പോയി വാങ്ങുന്ന ആയിരത്തിന്റെയോ രണ്ടായിരത്തിന്റെയോ ഗ്ലാസും ഒരേ ഗുണമല്ല ചെയ്യുന്നത്. തുച്ഛമായ വിലയിൽ ലഭിക്കുന്ന ഗ്ലാസുകൾ വെറും ചില്ല് മാത്രമായിരിക്കും. ഇത് യാതൊരു തരത്തിലും കണ്ണിന് സംരക്ഷണം തരുന്നതല്ല. മറിച്ച് ദോഷം ചെയ്യുന്നതാണ്. ഇതുപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസിലാകും. ഫുട്പാത്തിൽ നിന്നു വാങ്ങുന്ന കൂളിംഗ് ഗ്ലാസ് ധരിച്ച് നോക്കിയാൽ ഗ്ലാസിന്റെ ഉൾഭാഗത്തുതന്നെ റിഫ്ളക്ഷൻ തട്ടി കണ്ണിനു മുന്നിലല്ലാത്ത കാഴ്ചകൾ കൂടി കണ്ടെന്നുവരാം. ഇത് കണ്ണിന് കൂടുതൽ ആയാസം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് നല്ലതു തന്നെ തിരഞ്ഞെടുക്കുക.
തണുത്ത കാറ്റിൽ നിന്നും
പൊടിയിൽ നിന്നും സംരക്ഷണം
ശൈത്യകാലത്ത് അന്തരീക്ഷം പൊതുവെ നനുത്തതായിരിക്കും. ഈ തണുപ്പ് കണ്ണിന് കൂടുതൽ ഹാനികരമാണ്. വേനലിൽ ചൂടാണ് കണ്ണിനു വില്ലനെങ്കിൽ തണുപ്പുകാലത്ത് വരണ്ട തണുപ്പാണ് വില്ലനാവുന്നത്. ഇത് കണ്ണിലെ നനവ് ഇല്ലാതാക്കും. ഇതിനൊരു സംരക്ഷണം കൂടിയാണ് കൂളിംഗ് ഗ്ലാസുകൾ. ഈർപ്പമുള്ള പൊടിപടലങ്ങളും ധാരാളമുണ്ടാകും ശൈത്യകാലത്ത്. നനവ് തട്ടി കൂടിച്ചേർന്ന കനത്ത പൊടിയായിരിക്കും കാറ്റിൽ പാറി കണ്ണിലടിക്കുക. കണ്ണ് മുഴുവനായും മൂടുന്ന കൂളിംഗ് ഗ്ലാസാണ് തണുത്ത കാറ്റിൽ നിന്നും പൊടിപടലങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ ഉത്തമം.
ഡ്രൈവിംഗിനും ഫലപ്രദം
ശൈത്യകാലത്തെ മങ്ങിയ സൂര്യവെളിച്ചവും അതിലെ ഉയർച്ചതാഴ്ചകളും ഡ്രൈവിംഗിനിടെ നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. കണ്ണിനും ഈ മാറ്റം അനുഭവപ്പെടുമെന്നതിനാൽ അപകട സാദ്ധ്യതയും ഏറെയാണ്. തണുത്ത കാലാവസ്ഥയിൽ ഇതിനൊരു പരിഹാരം ചെറിയ കൂളിംഗ് ഉള്ള ഗ്ലാസ് ധരിക്കുക എന്നതാണ്. സൂര്യന്റെ പെട്ടെന്നുള്ള പ്രകാശ മാറ്റത്തെ ഇതിലൂടെ തടയിടാൻ കഴിയും. കൃത്യതയും തുടർച്ചയുമുള്ള കാഴ്ച സാദ്ധ്യമാവുകയും ചെയ്യും.