
വാഷിംഗ്ടൺ: സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന്റെ രണ്ടാമത്തെ ബഹിരാകാശ വാഹനവും വിജയകരമായി ഭ്രമണപഥത്തിൽ എത്തി. ഡ്രാഗൺ -2 ക്യാപ്‌സ്യൂൾ എന്ന വാഹനം കഴിഞ്ഞദിവസമാണ് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങളാണ് ഇതിൽ ഉളളത്.
65 മീറ്റർ ഉയരമുള്ള ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു ക്യാപ്‌സ്യൂൾ വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുളള 2,900 കിലോഗ്രാം സാധനങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. ബഹിരാകാശ നിലയത്തിലെ യാത്രികർക്കുള്ള ക്രിസ്മസ് സമ്മാനം, ബഹിരാകാശ നിലയത്തിൽ തങ്ങുന്ന യാത്രികരുടെ രക്തപരിശോധനയ്ക്ക് സഹായകമായ അത്യന്താധുനിക ഉപകരണം, കോടിക്കണക്കിന് സൂക്ഷ്മാണുക്കൾ, ബയോമൈനിംഗ് പഠനങ്ങൾക്കായി ഛിന്നഗ്രഹങ്ങളിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ എന്നിവയാണ് ഇതിൽ ഉണ്ടായിരുന്നത്.ഇതിനൊപ്പം ഏറെനാൾ ബഹിരാകാശത്ത് തങ്ങേണ്ടി വരുന്ന ശാസ്ത്രജ്ഞർക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനായി നാൽപ്പതോളം ചുണ്ടെലികളെയും ഈ വാഹനത്തിൽ അയച്ചിട്ടുണ്ട്.
ബഹിരാകാശനിലയത്തിലേക്കുള്ള ചരക്കുമായി സ്‌പെയ്‌സ് എക്‌സിന്റെ 21 മത്തെ ദൗത്യമാണിത്. ബഹിരാകാശനിലയത്തിലേക്ക് സാമഗ്രകളെത്തിക്കാനായി നാസ സ്‌പെയ്‌സ് എക്‌സുമായി ആറ് യാനങ്ങളുടെ കരാർ ഒപ്പിട്ടിരുന്നു. സ്‌പെയ്‌സ് എക്‌സിന്റെ മുൻ ബഹിരാകാശയാനങ്ങളെക്കാൾ കൂടുതൽ ഭാരം വഹിക്കാൻ കഴിവുള്ളവയാണ് ഡ്രാഗൺ ക്യാപ്‌സ്യൂളുകൾ. അഞ്ച് തവണ പുനരുപയോഗിക്കാവുന്ന ഇവയ്ക്ക് 75 ദിവസം ബഹിരാകാശ നിലയത്തിൽ തങ്ങാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ക്യാപ്‌സ്യൂളിന് ബഹിരാകാശ നിലയത്തിൽ സ്വമേധയാ പ്രവേശിക്കാൻ സാധിക്കും. ഡ്രാഗൺ-2 ഒരു മാസത്തോളം ബഹിരാകാശത്ത് തങ്ങിയ ശേഷം ബഹിരാകാശനിലയത്തിൽ പ്രവേശിച്ച ഭാഗമുപയോഗിച്ച് സ്വയം വേർപ്പെടുത്തുകയും അറ്റ്‌ലാന്റിക് സമുദ്രത്തിൽ പതിക്കുകയും ചെയ്യും.