kottayam

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം അട്ടിമറി വിജയം കൊണ്ടു തരുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. ജോസ് പോയെങ്കിലും ഒപ്പമുള്ള ജോസഫ് വിഭാഗം കോട്ട കാത്തുസൂക്ഷിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

ജോസിനും ജോസഫിനും നിലനിൽപ്പിന്റെ പ്രശ്നമായതിനാൽ തങ്ങളിൽ ആരാണ് വലിയവനെന്ന് കാണിക്കാനുള്ള ജീവന്മരണപോരാട്ടത്തിലാണ് ഇരു വിഭാഗവും. എൻ.ഡി.എ. ആകട്ടെ ഇരുമുന്നണികൾക്കെതിരെ പോരാടി നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലും.

22 അംഗ ജില്ലാ പഞ്ചായത്തിൽ ജോസ് വിഭാഗത്തിന്റെ പിന്തുണയിൽ 12- 15 സീറ്റെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. ആറ് നഗരസഭകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും 71 ഗ്രാമ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയും ഇടതു മുന്നണി വെച്ചു പുലർത്തുന്നു. അതേ സമയം ഇടതു മുന്നണി വിരുദ്ധ തരംഗം നിലനിൽക്കുന്നതിനാൽ ജില്ലാ, ബ്ലോക്ക്, നഗരസഭാ, പഞ്ചായത്തു സമിതികളിലെല്ലാം യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച് വലിയ മേധാവിത്വം നേടുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ജില്ലാ പഞ്ചായത്തിലടക്കം തങ്ങൾ നിർണായക ശക്തിയാകുമെന്നാണ് എൻ.ഡി.എയുടെ കണക്കു കൂട്ടൽ.

മുഖ്യമന്ത്രിയടക്കം ഇടതു മുന്നണി നേതാക്കളാരും പരസ്യ പ്രചാരണത്തിന് എത്തിയില്ല. ഓൺലൈൻ പ്രചാരണത്തിനായിരുന്നു ഇടതു മുന്നണി മുൻതൂക്കം നൽകിയത്. പാലായിൽ കേന്ദ്രീകരിച്ചായിരുന്നു ജോസ് കെ. മാണിയുടെ പ്രചാരണം. ജോസഫും ഇവിടെത്തി.

ജോസ് വിഭാഗം മുന്നണി വിട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോട്ടയം നിലനിറുത്താനുള്ള യു.ഡി.എഫ് പ്രചാരണത്തിന് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം.ഹസൻ തുടങ്ങിയവർ നേതൃത്വം നൽകിയപ്പോൾ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ നേതാക്കൾ എൻ.ഡി.എ പ്രചാരണത്തിനെത്തി.

കൊവിഡ് നിയന്ത്രണങ്ങളാൽ പോളിംഗ് ശതമാനം കുറയുമോയെന്ന ഭീതി നേതാക്കൾക്കുണ്ട്. പ്രത്യേകിച്ചും യു.ഡി.എഫിന്. റിബൽ ശല്യവും യു.ഡി.എഫിലാണ് കൂടുതൽ. പരമാവധി വോട്ടർമാരെ ഉച്ചക്കുമുമ്പ് ബൂത്തിലെത്തിക്കാനാണ് മൂന്നു മുന്നണികളുടെയും ശ്രമം.

.

നിലവിലെ സീറ്റ് നില

ജില്ലാ പഞ്ചായത്ത് - 22 സീറ്റ്

എൽ.ഡി.എഫ് -11 (സി.പി.എം 6, കേരളകോൺഗ്രസ് ജോസ് -4, സി.പി.ഐ -10

യു.ഡി.എഫ്- 10 ( കോൺഗ്രസ് -8, കേരളകോൺഗ്രസ് ജോസഫ് -2)

ജനപക്ഷം അംഗം മരിച്ചു

6 നഗരസഭ -(യു.ഡി.എഫ് 5, എൽ.ഡി.എഫ് - 1 )

11 ബ്ലോക്ക് പഞ്ചായത്ത് ( യു.ഡി.എഫ് -8, എൽ.ഡി.എഫ് -3)

71 ഗ്രാമ പഞ്ചായത്ത് (യു.ഡി.എഫ് 43, എൽ.ഡി.എഫ് -28)