
പനജി: മിഗ് 29കെ വിമാനം തകർന്ന് കാണാതായ നാവികസേനാ പൈലറ്റ് കമാൻഡർ നിഷാന്ത് സിംഗിന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് 11 ദിവസങ്ങൾക്കു ശേഷമാണ് ഗോവയുടെ തീരത്തിനു സമീപം കടലിന്റെ അടിത്തട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കരയിൽ നിന്ന് 30 മൈലുകൾ അകലെ 70 മീറ്റർ ആഴത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
നവംബർ 26നാണ് ആണ് നിഷാന്ത് പറത്തിയിരുന്ന മിഗ് വിമാനം അറബിക്കടലിൽ തകർന്നുവീണത്. വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറന്നുപൊങ്ങിയ മിഗ് വൈകുന്നേരം അഞ്ചോടെ കടലിൽ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന ട്രെയിനിയായ രണ്ടാം പൈലറ്റിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയിരുന്നു.