isle-of-wight

അന്യഗ്രഹ ജീവികള്‍ സ്ഥാപിച്ചെന്നു കരുതുന്നു ഫലകം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത് വരെ മൂന്ന് ലോഹഫലകങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഐല്‍ ഓഫ് വൈറ്റിന്റെ തെക്കുപടിഞ്ഞാറുള്ള കോംപ്റ്റണ്‍ ബീച്ചിലാണ് വലിയ ഫലകം കണ്ടെത്തിയത്.

ഏകദേശം 7.5 അടി ഉയരവും 2 അടി വീതിയുമുള്ളതാണ് ഫലകം. യു എസിലെ യൂട്ടായില്‍ നവംബര്‍ 12നാണ് ആദ്യമായി ലോഹഫലകം പ്രത്യക്ഷപ്പെട്ടത്. ലോകശ്രദ്ധ നേടിയ ഈ പാളി രണ്ടാഴ്ചയ്ക്കു ശേഷം 4 പേര്‍ ചേര്‍ന്ന് എടുത്തു മാറ്റുന്നതിന്റെ ഫോട്ടോ/വീഡിയോ ദൃശ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ തന്നെയാണോ ഇതു സ്ഥാപിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. യൂട്ടായ്ക്കു ശേഷം യൂറോപ്യന്‍ രാജ്യമായ റുമേനിയയിലെ നീംറ്റ് പര്‍വതമേഖലയില്‍ പ്രാചീനമായ ഒരു കോട്ടയ്ക്കു സമീപം മറ്റൊരു ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടു. ഇതും പിന്നീട് അപ്രത്യക്ഷമായി.

ഇവ കലാകാരന്‍മാരുടെ സൃഷ്ടികളോ അല്ലെങ്കില്‍ 1968 ല്‍ പുറത്തിറങ്ങിയ സ്‌പേസ് ഒഡീസി എന്ന ഹോളിവുഡ് ചിത്രത്തിന്റെ ആരാധകരോ ഒപ്പിച്ച പണിയാണെന്നാണ് അധികൃതരുടെ ഭാഷ്യം. മൂന്നാമത്തെ ലോഹസ്തംഭം

കലിഫോര്‍ണിയയിലെ പൈന്‍ മലമുകളിലാണ് കണ്ടെത്തിയത്. വെള്ളികൊണ്ട് നിര്‍മിച്ച പാളി 10 അടി ഉയരവും ഒന്നരയടി വീതിയുമുള്ളതാണ്. സ്തംഭത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ എത്തിയതോടെ വളരെ പെട്ടെന്ന് പ്രചാരം നേടിക്കഴിഞ്ഞു. ലോകമാകെ പ്രതിസന്ധിയിലായ 2020 എന്ന വര്‍ഷം പുനരാരംഭിക്കാനുള്ള ബട്ടന്‍ ആണിതെന്നും, കൊവിഡിനുള്ള വാക്‌സിന്‍ സ്തംഭത്തിനുള്ളിലുണ്ടാവാമെന്നുമെല്ലാമുള്ള രസകരമായ പ്രതികരണങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നുണ്ട്.