
കോഴിക്കോട്: സ്വർണാഭരണങ്ങൾക്ക് അടുത്ത ജൂൺ മുതൽ ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. എന്നാൽ, പ്രമുഖ റീട്ടെയിൽ ജുവലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് രണ്ടു പതിറ്റാണ്ട് മുമ്പേ തന്നെ ഹാൾമാർക്കിംഗ് സംവിധാനം നടപ്പാക്കി, ഉപഭോക്തൃ ശ്രദ്ധ നേടിക്കഴിഞ്ഞു.
സമ്പൂർണ ഹാൾമാർക്കിംഗ് നടപ്പാക്കുന്നത് ഉപഭോക്താക്കൾക്കും വിതരണക്കാർക്കും ഒരുപോലെ ഗുണകരമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. വിൽക്കുന്ന സ്വർണത്തിന്റെ ഗുണനിലവാരത്തിന് അംഗീകൃത ഏജൻസി സാക്ഷ്യപത്രം നൽകുന്നത് ബ്രാൻഡിന്റെ മൂല്യവും സ്ഥാപനത്തിന്റെ വിശ്വാസ്യതയും വർദ്ധിപ്പിക്കുമെന്നാണ് കഴിഞ്ഞ 20 വർഷമായുള്ള അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
സമ്പൂർണ ഹാൾമാർക്കിംഗ് നടപ്പാക്കുന്നതോടെ അനധികൃത സ്വർണ വില്പന ഇല്ലാതാകും. ഇത് ഉപഭോക്താക്കൾക്കും നിയപംപാലിച്ച് കച്ചവടം ചെയ്യുന്നവർക്കും നേട്ടമാണ്. ഹാൾമാർക്ക്ഡ് സ്വർണം വാങ്ങുന്നതിന്റെ ഗുണത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാൻ സർക്കാരും സ്വർണ വ്യാപാരികളും ഉപഭോക്തൃ സംഘടനകളും മുൻകൈ എടുക്കണമെന്നും എം.പി. അഹമ്മദ് പറഞ്ഞു.