vikram

തമിഴിലെ സൂപ്പർ ഡയറക്ടർ എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങുന്ന ലോകേഷ് കനകരാജ് 'ഉലകനായകൻ' കമലഹാസനെ നായകനാക്കി ഒരുക്കുന്ന മെഗാ പ്രൊജക്ടാണ് 'വിക്രം'. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കമൽ 'ഫുൾ ഫോമിൽ' തിരിച്ചെത്തുന്ന ചിത്രം അദ്ദേഹത്തിന്റെ ആരാധകരെ ചില്ലറയൊന്നുമല്ല ആവേശത്തിലാക്കിയത്.

കിടിലൻ ബി.ജി.എമ്മോട് കൂടിയെത്തിയ 'വിക്രമി'ന്റെ ത്രസിപ്പിക്കുന്ന ടീസർ ഇതുവരെ കണ്ടത് 14 മില്ല്യൺ പേരാണ്. അതും ഏതാനും ആഴ്ചകൾകൾക്കുള്ളിൽ. എന്നാൽ ഇപ്പോൾപുറത്തുവന്നിരിക്കുന്ന മറ്റൊരു വാർത്ത സിനിമാ പ്രേമികളെ അക്ഷരാർത്ഥത്തിൽ തന്നെ ആവേശത്തിലാക്കിയിരിക്കുകയാണ്.

മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ ഫഹദ് ഫാസിലാണ് ചിത്രത്തിലെ വില്ലന്റെ വേഷം അവതരിപ്പിക്കുന്നതെന്നതാണ് ആ വാർത്ത. ദേശീയ മാദ്ധ്യമമായ 'ടൈംസ് ഒഫ് ഇന്ത്യ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നിരുന്നാലും ചിത്രത്തിന്റെ നിർമാതാക്കൾ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.

ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ഫഹദ് കൈകാര്യം ചെയ്യുക എന്നും വിവരമുണ്ട്. നവാസുദീൻ സിദ്ദിഖി, ശശാങ്ക് ആരോറ എന്നിവർക്കൊപ്പം താൻ ഏറ്റവുമിഷ്ടപ്പെടുന്ന നടന്മാരിൽ ഒരാളാണ് ഫഹദ് എന്ന് കമൽ ഹാസൻ ഒരിക്കൽ പറഞ്ഞിരുന്നു. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം എന്നാണ് ട്രെയിലറുകളിൽ നിന്നും മനസിലാകുന്നത്.