
ന്യൂഡൽഹി: ജനുവരി ആദ്യവാരം നൽകുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശം ചെയ്‌തു. കൊവിഡ് സാഹചര്യം മൂലം ഇക്കുറി ഓൺലൈനിലാണ് പ്രവാസി ഭാരതീയ ദിവസ്.
ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രവാസികൾക്ക് നൽകുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ. പ്രിൻസ്‌റ്റൺ സർവകലാശാല ഗണിതശാസ്‌ത്ര വിഭാഗം പ്രൊഫസർ മഞ്ജുലാൽ ഭാർഗവ, ഉഗാണ്ട കിബോക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ രമേഷ് ബാബു, ഇന്ത്യൻ കൗൺസിൽ ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ സെക്രട്ടറി ശ്യാം പരൻദേ, ഇന്റൽ ഇന്ത്യ മേധാവി നിവൃതി റായ് എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ.
ഉപരാഷ്‌ട്രപതിയാണ് ജൂറി ചെയർമാൻ. നാമനിർദേശം ചെയ്യപ്പെട്ടവരെ കൂടാതെ വിദേശകാര്യ മന്ത്രി, ആഭ്യന്തര, വിദേശകാര്യ സെക്രട്ടറിമാർ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരും കമ്മിറ്റിയിലുണ്ട്. അവാർഡ് ജേതാക്കളെ കണ്ടെത്താനുള്ള ആദ്യയോഗം ഈമാസം ഓൺലൈനിൽ ചേരും.