
തെലങ്കാന: ആശങ്കയുയർത്തി ആന്ധ്രാപ്രദേശിൽ അജ്ഞാത രോഗം പടരുന്നു. വെസ്റ്റ് ഗോദാവരി ജില്ലയിലെ എല്ലൂരിൽ രണ്ടു ദിവസത്തിനിടെ 400 പേർ ഛർദ്ദിയും അപസ്മാരവുമായി ചികിത്സ തേടി. രണ്ട് പേർ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഏഴു പേരെ വിജയവാഡയിലെ ആശുപത്രിയിലേക്കു മാറ്റി. വൈറൽ ഇൻഫെക്ഷനെന്നാണു സൂചന.
ശനിയാഴ്ച വൈകിട്ടാണ് രോഗം പടരാൻ തുടങ്ങിയത്. രോഗികളുടെ എണ്ണം പെരുകിയതോടെ ആശുപത്രികൾ നിറഞ്ഞു. എല്ലൂർ താലൂക്ക് ആശുപത്രിയിൽ മാത്രം 270 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
മുഖ്യമന്ത്രി ജഗമോഹൻ റെഡി ആശുപത്രികൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ വിജയവാഡയിലെ ആശുപത്രികളിലേക്കു മാറ്റുന്നതു തുടരുകയാണ്. രോഗികളുടെ ശ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കാരണം അറിയില്ലെന്നും വെസ്റ്റ് ഗോദാവരി ജില്ലാ അധികൃതർ അറിയിച്ചു.