
# ഒളിച്ചുവച്ച രഹസ്യം തുറന്നു പറഞ്ഞ് താരം
ബംഗളൂരു: അത്ലറ്റിക്സിൽ നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് ചാടിയെത്തിയ മലയാളി ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോർജ്ജ് ഈ വിജയങ്ങൾ  സ്വന്തമാക്കിയത് ഒരേ ഒരു വൃക്കയുടെ പിൻബലംകൊണ്ട് !
ജന്മനാ  ഒരു വൃക്ക മാത്രമേയുള്ളൂവെന്നും (റീനൽ അജെനിസിസ്) അതുമായാണ് ലോക ചാമ്പ്യൻഷിപ്പിലെ മെഡൽ ഉൾപ്പെടെ സ്വന്തമാക്കിയതെന്നും ഇന്നലെ അഞ്ജു ട്വിറ്ററിൽ കുറിച്ചു. കേന്ദ്രകായിക മന്ത്രി കിരൺ റിജിജുവിനും അത്ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ, സായി എന്നിവയ്ക്കും ടാഗ് ചെയ്താണ്  വെളിപ്പെടുത്തൽ.
വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒറ്റ വൃക്കയുമായി ജീവിച്ച് ഉയരങ്ങളിലെത്താൻ ഭാഗ്യം സിദ്ധിച്ച അപൂർവം ആളുകളിലൊരാളാണ് ഞാൻ. പരിക്കുകൾ പിടികൂടുമ്പോൾ വേദന സംഹാരി കഴിച്ചാൽ കടുത്ത അ അലർജി വരും. ഇതുൾപ്പെടെ ഒട്ടേറെ പരിമിതികളുണ്ടായിരുന്നു. എന്നിട്ടും ഇവിടം വരെയെത്തി. പരിശീലകന്റെ മാജിക് എന്നോ കഴിവെന്നോ ഇതിനെ വിളിക്കാം –ഇതായിരുന്നു അഞ്ജുവിന്റെ ട്വീറ്റ്.
ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഒരേ ഒരു ഇന്ത്യക്കാരിയായ അഞ്ജുവിനെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. 
അത്ലറ്രിക്സിൽ തിളങ്ങി നിൽക്കുന്ന  ഇരുപതുകളിൽ വിവാഹശേഷമാണ് ഇക്കാര്യം  അഞ്ജു അറിയുന്നത്. അന്താരാഷ്ട്ര തലത്തിലേക്കുയർന്നപ്പോൾ തുടർച്ചയായി രക്ത പരിശോധയും മറ്രും നടത്തേണ്ടിവരും. പരിക്കുകൾ വന്നാൽ പെട്ടെന്ന് മാറില്ല. വേദന സംഹാരികൾ അലർജിയായി. അങ്ങനെ സ്കാൻ ചെയ്തപ്പോഴാണ് ഇക്കാര്യം അറിയുന്നത്.
അന്ന് പുറത്ത് പറായാൻ ധൈര്യമില്ലായിരുന്നു. എന്നാൽ ഇപ്പോൾ താൻ മുതിർന്നുവെന്നും കാഴ്ചപ്പാടുകൾ മാറിയെന്നും അതിനാലാണ് ഇക്കാര്യം വെളിപ്പെടുത്താൻ തീരുമാനിച്ചതെന്നും നാല്പത്തിമ്മൂന്നുകാരിയായ അഞ്ജു പറയുന്നു. കസ്റ്റംസിൽ സീനിയർ സൂപ്രണ്ടായ അഞ്ജു ബംഗളൂരുവിൽ ഒരു അക്കാഡമി നടത്തുന്നുണ്ട്.
റീനൽ അജെനെസിസ്
ജന്മനാ ഒരു വൃക്ക മാത്രമുള്ള അവസ്ഥയാണ് റീനൽ അജെനെസിസ്. അപൂർവം ചിലർക്കെ ഈ അവസ്ഥയുണ്ടാകാറുള്ളൂ. ജീവിക്കാൻ ഒരു വൃക്ക മതി. അതിനാലാണ് പലരും  ഒരെണ്ണം ദാനം ചെയ്യുന്നത്.  ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള കായിക രംഗത്ത്  ഇത്തരക്കാർ ശോഭിക്കുന്നത് അപൂർവമാണ്.
ഒരേ ഒരു അഞ്ജു
ലോക അത്ലറ്രിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരമാണ് അഞ്ജു ബോബി ജോർജ്ജ്. 2003ൽ പാരിസിൽ നടന്ന ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിലാണ്  വെങ്കലം നേടിയത്. പിന്നീട് രണ്ടാം സ്ഥാനം കിട്ടിയ താരം ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അഞ്ജുവിന്റെ വെങ്കലം വെള്ളിയായി. 2005ൽ ലോക അത്ലറ്റിക്സ് ഫൈനലിൽ സ്വർണം നേടി. ദേശീയ ലോംഗ്ജമ്പ് റെക്കാഡ് ഒന്നരപ്പതിറ്രാണ്ടായി അഞ്ജുവിന്റെ പേരിലാണ്. 2004 ഏഥൻസ്, 2008 ബെയ്ജിംഗ് ഒളിംപിക്സുകളിൽ പങ്കെടുത്തു. 2002ൽ മാഞ്ചസ്റ്ററിൽ വെങ്കലം നേടി കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത അത്ലിറ്റായി.
ബോബിക്ക് സല്യൂട്ട്
മുൻ അത്ലറ്റ് കൂടിയായ ഭർത്താവ് റോബർട്ട് ബോബി ജോർജ്ജായിരുന്നു അഞ്ജുവിന്റെ പരിശീലകൻ. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് അഞ്ജു വൻനേട്ടങ്ങൾ സ്വന്തമാക്കിയത്. ഈ ദമ്പതികൾക്ക്
രണ്ട് കുട്ടികൾ.