farm-bills

ന്യൂഡൽഹി: കർഷക നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച നടത്തുന്ന ദില്ലി ചലോ സമരം 13ാം ദിവസത്തിലേക്ക് കടന്നു. പ‌ഞ്ചാബിൽ നിന്നും രാജസ്ഥാനിൽ നിന്നും കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെത്തി. സമരത്തെ തുടർന്ന് സിംഘു, തിക്രി, ഓച്ചണ്ഡി, ജറോദ, പിയോവോ, മണിയാഡി, മംഗേഷ്, ഡൽഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന ചില്ല തുടങ്ങിയ ദേശീയ തലസ്ഥാന അതിർത്തികൾ പൂർണമായും അടച്ചിട്ടുണ്ട്.

പത്മശ്രീ തിരിച്ചുനൽകി

കവി സ‌ുർജിത് പാതർ

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രശസ്ത പഞ്ചാബി കവി സുർജിത് പാതർ പത്മശ്രീ തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിനാകെ ഭക്ഷണം നൽകുന്ന കർഷകർ കടുത്ത ശൈത്യത്തിൽ ഇപ്പോൾ ഡൽഹി അതിർത്തിയിൽ ഇരിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യമുയർത്തി കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ച് 2015ൽ സാഹിത്യ അക്കാഡമി അവാർഡും അദ്ദേഹം തിരിച്ചുനൽകിയിരുന്നു.

മെഡലുകൾ മടക്കി കായിക

താരങ്ങളുടെ പ്രതിഷേധം

പഞ്ചാബിൽ നിന്നുള്ള മുപ്പതോളം കായികതാരങ്ങൾ മെഡൽ മടക്കി നൽകിയിട്ടുണ്ട്. രണ്ടുതവണ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ മുൻ ഗുസ്തി താരം കർതാർ സിംഗിന്റെ നേതൃത്വത്തിൽ മെഡൽ തിരിച്ചുനൽകാൻ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. ഡൽഹി പ്രസ് ക്ലബിന് മുന്നിൽ നിന്ന് തുടങ്ങിയ മാർച്ച് കൃഷി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു.

ധ്യാൻചന്ദ് പുരസ്‌കാര ജേതാവായ ഒളിമ്പിക് സ്വർണമെഡൽ ജേതാവും മുൻ ഹോക്കി താരവുമായ ഗുർമെയിൽ സിംഗ്, അർജുന ജേതാവായ വനിതാ ഹോക്കി ക്യാപ്ടൻ രാജ്ബിർ കൗർ,അർജുന ജേതാവ് ബാസ്‌കറ്റ് ബോൾ താരം സജ്ജൻ സിംഗ് ചീമ തുടങ്ങിയവരാണ് മാർച്ചിൽ പങ്കെടുത്തത്.