pinarayi

തിരുവനന്തപുരം: കൊല്ലം മൺറോ തുരുത്തിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഴുകിയിരിക്കെയാണ് മണിലാൽ കൊല്ലപ്പെട്ടതെന്നും പിന്നിൽ ആർ.എസ്.എസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിലാലിന്റെ കൊലപാതകം ആര്‍എസ്എസ് -യുഡിഎഫ് സഖ്യത്തിന്റെ തീരുമാനമാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.


കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസ് -യു.ഡി.എഫ് സഖ്യമുള്ളതായി വിവരം ലഭിച്ചതായും ഈ സഖ്യത്തിന്റെ തീരുമാനമാണോ മണിലാലിന്റെ കൊലപാതകമെന്നുമാണ് മുഖ്യമന്ത്രി ചോദിച്ചത്.കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പിണറായി പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സി.പി.ഐ.എം. പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സി.പി.ഐ.എം. പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. ആര്‍.എസ്.എസും യു.ഡി.എഫും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തു വന്നിട്ടുണ്ട്. ആ സഖ്യത്തിന്‍റെ തീരുമാനമാണോ തുടര്‍ച്ചയായ കൊലപാതകങ്ങളെന്ന് ഇരു കക്ഷികളും വ്യക്തമാക്കണം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പുവരുത്തും.