wedding

കൊവിഡിന്റെ വരവോടെ ഏറ്റവും അധികം മാറ്റി വയ്ക്കാന്‍ നിര്‍ബന്ധിതമായ ഒരു കാര്യമാവും വിവാഹം. അതേസമയം, കൊവിഡ് കാലം പെട്ടന്നവസാനിക്കില്ല എന്ന് വ്യക്തമായതോടെ മറ്റു വഴികളില്ലാതെ മാറ്റിവച്ച പല കല്യാണങ്ങളും ഇപ്പോള്‍ ലളിതമായി നടത്തുകയാണ്. പക്ഷെ അതിലും പ്രശ്‌നമുള്ള ഒരു കാര്യമുണ്ട്. പ്രതിശ്രുത വരനോ വധുവിനോ കൊവിഡ് വന്നാലോ? കല്യാണം മാറ്റി വയ്ക്കുക തന്നെ, അല്ലേ?

പക്ഷെ രാജസ്ഥാനിലെ കെല്‍വാരയില്‍ ഒരു വിവാഹം അടുത്തിടെ നടന്നു. വിവാഹ സമയത്ത് വധുവിന് കൊവിഡ് പോസിറ്റീവ് ആയിരുന്നു വരന്‍ നെഗറ്റീവും. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് സ്ഥലത്തെ പ്രധാന മെഡിക്കല്‍ ഓഫീസറുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. എങ്ങനെ എന്നല്ലേ? രാജസ്ഥാനിലെ കിഷന്‍ഗഞ്ജ് ബ്ലോക്കിലെ നഹര്‍ഗര്‍ഹ് നിവാസിയാണ് വധു. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വധുവിന്റെ അമ്മാവനും ഭാര്യയ്ക്കും കൊവിഡ് പോസിറ്റീവ് ആയത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിശ്രുത വധു ഉള്‍പ്പെടെ കുടുംബാംഗങ്ങളെ ടെസ്റ്റിന് വിധേയമാക്കി. റിസള്‍ട്ട് വന്നതോ വിവാഹ ദിവസവും, വധുവിനും അമ്മയ്ക്കും പോസിറ്റീവ്.


പോസിറ്റീവ് ആണെന്ന വിവരം അറിയിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വധുവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴേക്കും സംഘം വിവാഹ വേദിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഒരു വിധം ആരോഗ്യ പ്രവര്‍ത്തകര്‍ വിവാഹ വേദിയിലെത്തി കാര്യം പറഞ്ഞു. വിവാഹം നീട്ടി വയ്ക്കണം എന്നാവശ്യപ്പെട്ടെങ്കിലും ആചാരക്രമം അനുസരിച്ച് വിവാഹം മാറ്റിവയ്ക്കാന്‍ പറ്റില്ല എന്ന തീരുമാനും വധൂ വരന്മാരുടെ കുടുംബം എടുത്തോടെ ആകെ പ്രശ്‌നമായി. അപ്പോഴാണ് പിപിഇ കിറ്റ് ധരിച്ചു വിവാഹം ചെയ്യാന്‍ പറ്റുമോ എന്ന ഉപായം വരന്‍ മുന്നോട്ട് വച്ചത്. ആദ്യം നിരാകരിക്കപ്പെട്ടെങ്കിലും ഒടുവില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വച്ച് മറ്റാരും പങ്കെടുക്കാതെ വിവാഹം നടത്താന്‍ തീരുമാനമായി.


പൂര്‍ണമായും പിപിഇ കിറ്റ് ധരിച്ചെത്തിയ വധൂ വരന്മാര്‍ കൂടാതെ കന്യാദാനം ചെയ്യാന്‍ വധുവിന്റെ പിതാവ്, പൂജാരി, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, കെല്‍വാര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, സ്ഥലത്തെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്ത്. വിവാഹം കഴിഞ്ഞ ഉടനെ വധുവിനെയും കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണ റൂമിലേക്ക് മാറ്റി. ഒപ്പം വരന്റെ സാമ്പിള്‍ ടെസ്റ്റിംഗിനായി സമര്‍പ്പിച്ചിട്ടുണ്ട്.