mohanlal

സായുധ സേന പതാക ദിനത്തിന്റെ പ്രാധാന്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമപ്പെടുത്തിയ നടൻ മോഹൻലാലിന് രൂക്ഷ വിമർശനം. കർഷകരെ കുറിച്ച് നടൻ യാതൊന്നും പറയാത്തത് എന്തുകൊണ്ടാണെന്നാണ് വിമർശകർ ചോദിക്കുന്നത്. സൈനികരെ പോലെ തന്നെ കർഷകരും നാടിന്റെ നെടുംതൂണ് തന്നെയാണെന്നും മോഹൻലാൽ അവരെയും പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ഇവർ താരത്തിന്റെ കുറിപ്പിന് താഴെയായി കമന്റുകളിടുന്നത്.

ചിലർ രൂക്ഷമായ ഭാഷയിൽ സൂപ്പർ താരത്തെ വിമർശിക്കുമ്പോൾ മറ്റ് ചിലർ ഉപദേശത്തിന്റെ രൂപത്തിലാണ് കുറിപ്പിനോട് പ്രതികരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കമന്റിടുന്നവരെ എതിർത്തുകൊണ്ടും മോഹൻലാലിന്റെ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും നിരവധി പേർ കമന്റ് ബോക്സിൽ എത്തുന്നുണ്ട്.

പ്രധാനമായും വലതുപക്ഷ/തീവ്ര വലതുപക്ഷ അനുകൂലികളാണ് കർഷകരെ അനുകൂലിച്ച് കമന്റിടുന്നവരെ വിമർശിക്കുന്നത്. ഇവരിൽ ചിലർ അസഭ്യം പറഞ്ഞുകൊണ്ടും കമന്റിടുന്നവരെ നേരിടുന്നുണ്ട്. കർഷക പ്രക്ഷോഭ വിഷയത്തിൽ പ്രതികരിക്കാതിരുന്നിട്ടും മറ്റൊരു സൂപ്പർ താരമായ മമ്മൂട്ടിയെ ഇക്കാര്യത്തിൽ ആരും വിമർശിക്കാത്തത് എന്തെന്നും വലതുപക്ഷ അനുകൂലികളിൽ ചിലർ ചോദിക്കുന്നുണ്ട്.

മോഹൻലാലിന്റെ കുറിപ്പ് ചുവടെ:

'ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്. 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്. ഇന്ത്യൻ സേനയുടെ, വിമുക്ത ഭടൻമാർ, സൈനികരുടെ വിധവകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു. പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കായാണ് പതാക ദിനം ആചരിക്കുന്നത്.

• യുദ്ധത്തിൽ മരിച്ചവരുടെ പുനരധിവാസം.

• ഇന്ത്യൻ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം.

• വിമുക്ത ഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസവും ക്ഷേമവും.

പതാകകൾ വിതരണം ചെയ്തുകൊണ്ട് സായുധ സേനാ പതാക ദിനാചരണത്തിന്റെ അനുസ്മരണവും ഫണ്ടുകളുടെ ശേഖരണവും നടത്തുന്നു.

പതാക ദിനത്തിൽ ഇന്ത്യൻ സേനയുടെ മൂന്നു വിഭാഗങ്ങളായ ഇന്ത്യൻ കരസേന, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന സംയുക്തമായി ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ പരിപാടികൾ, നാടകങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. രാജ്യത്ത് ഉടനീളം മൂന്നു സേവനങ്ങളെ പ്രതിനിധീകരിക്കുന്ന ചുവന്ന, ആഴത്തിലുള്ള നീല, ഇളം നീല നിറങ്ങളിലുള്ള ചെറിയ പതാകകളും, കാർ പതാകകളും കൊടുത്ത് തിരികെ സംഭാവനകൾ സ്വീകരിക്കുന്നു.

#ArmedForcesFlagDay2020'