ayathulla

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ആരോഗ്യം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി ഇറാൻ. 81കാരനായ ഖമനേയി ഗുരുതരാവസ്ഥയിലാണെന്നും മരണപ്പെട്ടെന്നും വിവിധ അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ‌ർവേശ്വരന്റെ കടാക്ഷത്തിൽ ഖമനേയി ആരോഗ്യത്തോടെയിരിക്കുകയാണെന്ന് ഖമനേയിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഉദ്യോഗസ്ഥനായ മെഹ്‌ദി ഫസേലി ട്വീറ്റ് ചെയ്തു. അമേരിക്കൻ മാദ്ധ്യമമായ ന്യൂസ്‍വീക്കാണ് റിപ്പോർട്ട് ആദ്യം പുറത്ത് വിട്ടത്. മുഹമ്മദ് അഹ്‍വേസ്‍ എന്ന ഇറാനിയൻ മാദ്ധ്യമപ്രവർത്തകന്റെ ട്വീറ്റ് ആയിരുന്നു വാർത്തയ്‍ക്ക് ആധാരം. ഖമനേയിയുടെ ആരോഗ്യം ക്ഷയിച്ചെന്നും മകൻ മൊജ്‍താബ ഖമനേയിയ്ക്ക് അധികാരം കൈമാറിയെന്നുമായിരുന്നു ട്വീറ്റ്.

വെള്ളിയാഴ്‍ച്ച ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയുമായി ഖമനേയി കൂടിക്കാഴ്‍ച്ച നടത്തേണ്ടതായിരുന്നു. എന്നാൽ, ആരോഗ്യം മോശമായതിനാൽ ഇത് നടന്നില്ലെന്നും മറ്റൊരു ട്വീറ്റിൽ മുഹമ്മദ് കുറിച്ചു. എന്നാൽ, ഈ വിവരങ്ങൾ ന്യൂസ്‍വീക്ക് സ്ഥിരീകരിച്ചിരുന്നില്ല.

പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സയിലായിരുന്നു ഖമനേയി. ശനിയാഴ്‍ച്ച വൈകിട്ട് ടെഹ്‍റാനിലെ ഒരു ഉന്നത ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ചികിത്സിക്കാൻ ഒരു ഡോക്ടറെ വിളിച്ചുവരുത്തി - മുഹമ്മദ് ട്വീറ്റ് ചെയ്തു.

ഇസ്രായേൽ അനുകൂല അമേരിക്കൻ ടാബ്ലോയിഡായ ജ്യൂയിഷ്‍‍ പ്രസ്സാണ് ഖമനേയി അന്തരിച്ചെന്ന അനൗദ്യോഗിക റിപ്പോർട്ട് നൽകിയത്. ഖമനേയിയുടെ മരണവാർത്ത ഔദ്യോഗികമായി പുറത്തുവിടുന്നത് മകന് അധികാരം കൈമാറുന്ന നടപടി പൂർത്തിയായ ശേഷം മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.