
വീടുവയ്ക്കുമ്പോൾ പലപ്പോഴും പാളിപ്പോകുന്ന വലിയൊരു പ്രശ്നമാണ് കട്ടിളയും ജനാലയും അതിന് ഉപയോഗിക്കുന്ന തടിയും. പലരും അത് അത്ര ഗൗനിക്കാറില്ല. അത് പക്ഷേ വാസ്തുദോഷം വിളിച്ചുവരുത്താറുണ്ട്.ഒന്ന്- മജ്ജയും മാംസവും അസ്ഥിയും പോലെയാണ് വീടിനായി നിർമ്മിക്കാനുപയോഗിക്കുന്ന കട്ടകളും കല്ലും മരവും. കട്ടകളും കല്ലും മാംസമെങ്കിൽ അതുറപ്പിക്കുന്ന സിമന്റോ മിശ്രിതമോ മജ്ജയാവും. കട്ടിളകളും ജനാലകളും കതകിന് ഉപയോഗിക്കുന്ന തടികളുമാണ് അസ്ഥി. രണ്ടാമത് മനസിലാക്കേണ്ടത് മരങ്ങൾക്ക് പിരിയൻ രൂപമാണുള്ളത്.പിരിയൻ രൂപം പ്രപഞ്ചസത്യമാണ്. ആ തത്വം വീടുകളിലേയ്ക്ക് കൊണ്ടുവരണമെങ്കിൽ മരങ്ങൾ വീടിനുള്ളിൽ പരമാവധി വിന്യസിക്കപ്പെടണം. ഇപ്പോഴത്തെ വീടുകളിൽ പലവിധ ലാഭങ്ങൾ നോക്കി മരത്തിന് വളരെ പ്രാധാന്യം കുറയ്ക്കുന്നുണ്ട്, അത് പാടില്ല.
മൂന്ന് - കോൺക്രീറ്റ് വരുന്നതിന് മുൻപുള്ള പഴയ കാല നിർമ്മാണങ്ങൾ ഇന്നും നാട്ടിലുണ്ട്. അത് പരിശോധിച്ചാൽ ഇന്നത്തെ ബീമിനു പകരം വീട്ടിയോ, ആഞ്ഞിലിയോ, പ്ലാവോ വലിയ കഷണമാക്കി ഉപയോഗിച്ചിട്ടുള്ളത് കാണാം. കൂടാതെ മിക്ക വീടുകൾക്കും തടികൊണ്ടൊരു തട്ടിൻ പുറവും ഓടും കാണാമായിരുന്നു. വലിയ കെട്ടിടങ്ങൾക്കു പോലും  ഓട് ഒരു നിർബന്ധിത നിർമ്മാണ സാമഗ്രിയുമായിരുന്നു. ഒന്നു നിരീക്ഷിച്ചാൽ മനസിലാവുന്ന മറ്റൊരു കാര്യം മരങ്ങൾ ഏറെ വീടുകളിലുണ്ടായിരുന്നപ്പോൾ മാരകരോഗങ്ങളും കുറവായിരുന്നു. പ്രാപഞ്ചികോർജ്ജത്തെ വീടിനുളളിൽ സൃഷ്ടിക്കപ്പെടുന്ന ഊർജ്ജവുമായി താദാത്മ്യം പ്രാപിപ്പിക്കാൻ മരങ്ങൾക്ക് ശക്തിയുണ്ട്. മരങ്ങൾക്കുള്ളിലെ പിരിയൻ സംവിധാനത്തിന് മനുഷ്യ ഡി.എൻ.എയുമായി രൂപസാദ്യശ്യമുണ്ട്. ആ സാദൃശ്യം പ്രാപഞ്ചികോർജ്ജത്തെ കൃത്യമായി ക്രമപ്പെടുത്തുമെന്നാണ് ആധുനിക വാസ്തു ഗവേഷണങ്ങൾ തെളിയിക്കുന്നത്.
നാലാമത്തേത് ഏതു മരമാണോ കട്ടിളയ്ക്ക് ഉപയോഗിക്കുന്നത് ആ മരം തന്നെ വേണം കതകിനും ജനൽ പാളികൾക്കും ഉപയോഗിക്കാൻ. പല വീടുകളിലും ഇതു ചെയ്യാറില്ല. 90 ശതമാനം വീടുകളിലും കട്ടിളയും ജനാലയും വെവ്വേറെ മരങ്ങളിലാണ് ചെയ്യുന്നത്. വ്യത്യസ്തമായ മരങ്ങൾ ഉപയോഗിക്കുമ്പോൾ അവിടെ വിപരീത ഊർജ്ജങ്ങളുണ്ടാവും. ഉദാഹരണത്തിന് കട്ടിള പ്ലാവും കതക് തേക്കുമായാലോ? തേക്കിലും പ്ലാവിലും സൃഷ്ടിക്കപ്പെടുന്നത് രണ്ട് തരം ഊർജ്ജമാണ്. രണ്ടുതരം ഊർജ്ജം വിപരീതഫലമുണ്ടാക്കാം. മറിച്ച് പ്ലാവിന്റെ തടിതന്നെ കതകിനും ഉപയോഗിച്ചാൽ അത് ഒരു ഊർജ്ജം കൃത്യമായി രൂപപ്പെടാനും ഒരേ അളവിൽ ഊർജ്ജ വിതരണം പൂർത്തിയാവാനും ഇടയാവും. അപ്പോൾ അനുകൂല ഊർജ്ജങ്ങളാവും വീടാകെ പ്രസരിക്കപ്പെടുക. അഞ്ചാമത്തെക്കാര്യം  മരങ്ങളെ വീടിന് ഉപയോഗിക്കുന്നത് അതിന്റെ ജനാലകൾക്കും കട്ടിളയ്ക്കും വെന്റിലേറ്ററിനും ഡ്രസ് ഏരിയയ്ക്കും പാനലിനുമൊക്കെയാവും. വീടിനുള്ളിലുള്ള വലിയ ഊർജ്ജങ്ങൾ അഥവാ സൂത്രങ്ങൾ ഈ കട്ടിളയിലൂടെയും ജനാലയിലൂടെയും വേണം പരമാവധി കടത്തിവിടാൻ. ഭിത്തികളിൽ പ്രത്യേക ദ്വാരമുണ്ടാക്കി  വിടുന്നതിനേക്കാൾ ഏറ്റവും ശരിയായ രീതി കട്ടിളയിലൂടെയോ ജനാലയിലൂടെയോ വിടുന്നതാണ്. മരങ്ങൾക്കിടയിലൂടെ ഊർജ്ജം ഒഴുകിപ്പരക്കുന്നുവെന്നതാണ് പ്രാപഞ്ചിക സത്യം. അത് വീടിനുള്ളിലേയ്ക്കും കൊണ്ടുവന്നാൽ സമാധാനപരവും ഐശ്വര്യമായ ജീവിതമുണ്ടാവുമെന്നത് നിസ്തർക്കമാണ്.
(മരത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ബാക്കിഭാഗം അടുത്ത ആഴ്ച)
സംശയങ്ങളും മറുപടിയും
വീട്ടിലെ കൂവളമരം ദോഷമുണ്ടാക്കുമോ?
മണിലാൽ 
കീഴാറ്റിങ്ങൽ
കൂവളമരം വീടിന് ദോഷമില്ലെന്ന് മാത്രമല്ല, ഐശ്വര്യദായകവും ദോഷനിവാരണ ഊർജ്ജ കേന്ദ്രവുമാണ്. പരമാവധി വടക്കും കിഴക്കും കൂവളം വയ്ക്കുന്നതാണ് ഉത്തമം. അതായത് എവിടെ കൂവളം നിൽക്കുന്നോ അതിന് തെക്കായോ പടിഞ്ഞാറായോ വീടുവരുന്നതാണ് ഉത്തമം.