
ചൈന: ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഈ വർഷം ഇതുവരെ 13 ശതമാനത്തിന്റെ കുറവെന്ന് മാദ്ധ്യമങ്ങൾ. എന്നാൽ ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള കയറ്റുമതിയിൽ വൻ വർദ്ധനവുണ്ടെന്നും പഠനങ്ങൾ പറയുന്നു. ഈ വർഷം 11 മാസങ്ങളിലായി 16 ശതമാനത്തിന്റെ ഉയർച്ചയാണ് കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്.
ചൈനയിലെ മാദ്ധ്യമങ്ങൾ തന്നെയാണ് ഈ വിവരം പുറത്തറിയിച്ചത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ സംഘർഷമുണ്ടായി തുടങ്ങിയ മേയ് മാസം മുതൽ ഇതുവരെ രാജ്യത്തേക്കുളള ഇന്ത്യൻ ഇറക്കുമതി വർദ്ധിക്കുകയാണെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഇന്ത്യയിൽ ചൈനീസ് ഇറക്കുമതി കുറയാൻ കാരണം കൊവിഡ് ആണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ ന്യായീകരണം.
ഇന്ത്യയിൽ നിന്നും ചൈനയിലേക്കുളള കയറ്റുമതി 16 ശതമാനം വർദ്ധിച്ചതിനെ ചൈന സാമ്പത്തിക-വ്യാപാര രംഗത്തെ രാഷ്‌ട്രീയവൽക്കരിക്കാതെ അകന്ന് നിന്നതിന്റെ ഫലമാണെന്നും ചൈനീസ് മാദ്ധ്യമങ്ങൾ ന്യായീകരിക്കുന്നു. ചൈനീസ് ഉത്പന്നങ്ങളോട് മുൻവിധിയോടെ ഇന്ത്യ സമീപിക്കുകയാണെന്ന് അവർ പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ തദ്ദേശീയമായവ വസ്‌തുക്കൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കാനുളള കേന്ദ്ര തീരുമാനം രാജ്യത്ത് നടപ്പിലാകുന്നതിന്റെ സൂചനയാണിത്.