
മൂന്നാം ട്വന്റി-20 ഇന്ന്
സിഡ്നി: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. ഇന്ന് ജയിച്ച് പരമ്പര തൂത്തുവാരി ട്വന്റി-20യിൽ തുടർച്ചയായ പത്ത് വിജയങ്ങൾ എന്ന നേട്ടം സ്വന്തമാക്കാനാണ് ടീം ഇന്ത്യ കൊഹ്ലിയുടെ നേതൃത്വത്തിൽ പാഡ് കെട്ടുന്നത്. മറുവശത്ത് സ്വന്തം നാട്ടിൽ വൈറ്റ്വാഷ് എന്ന നാണക്കേട് ഒഴിവാക്കാൻ ആശ്വാസ ജയം തേടിയാണ് ആസ്ട്രേലിയ കളിക്കാനൊരുങ്ങുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.40 മുതൽ സിഡ്നിയിലാണ് മത്സരം. ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായേക്കില്ല. സീനിയർ താരങ്ങളായ ഷമിയും ബുംറയും കളിച്ചേക്കില്ല. പുതുമുഖ താരം നടരാജനും ചഹറും ഷർദ്ദുലും ആയിരിക്കും പേസാക്രമണത്തിന് നിയോഗിക്കപ്പെടുക.
മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന നായകൻ ആരോൺ ഫിഞ്ച് മടങ്ങിയെത്തിയേക്കുമെന്ന് കോച്ച് ജസ്റ്റിൻ ലാംഗർ സൂചന നൽകിയിട്ടുണ്ട്.
നോട്ട് ദ പോയിന്റ്
അവസാനം കളിച്ച 9 ട്വന്റി-20 മത്സരങ്ങളും ഇന്ത്യ ജയിച്ചു
2019 ഡിസംബറിനു ശേഷം ഇന്ത്യ ഒരു ട്വന്റി -20 മത്സരം പോലും തോറ്റിട്ടില്ല.
ഓസീസ് മണ്ണിൽ മൂന്ന് ഫോർമാറ്റിലും പരമ്പര ജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്ടനാണ് വിരാട് കൊഹ്ലി. അന്താരാഷ്ട്ര തലത്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ഫാഫ് ഡുപ്ലെസിക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം.
ആസ്ട്രേലിയ,ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ട്വന്റി- 20 പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യൻ നായകനാണ് കൊഹ്ലി.
ആസ്ട്രേലിയ എയ്ക്ക് ലീഡ്
ആസ്ട്രേലിയ എയ്ക്കെതിരായ ത്രിദിന സന്നാഹ മത്സരത്തിൽ ഇന്ത്യൻസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി. ഇന്ത്യൻസ് ഒന്നാം ഇന്നിംഗ്സ് 247/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ രണ്ടാം ദിനമായ ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തിട്ടുണ്ട്. ആസ്ട്രേലിയൻ ടീമിന് 39 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ഇന്ത്യയ്ക്കായി ഉമേഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തേ അജിങ്ക്യ രഹാനെ സെഞ്ച്വറി നേടിയിരുന്നു.