
ന്യൂഡൽഹി: ഫെെസറിന് പിന്നാലെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്. കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യയെ ഭാരത് ബയോടെക് സമീപിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രണ്ട് ട്രയൽ പരീക്ഷണങ്ങൾ വിജയകരമാവുകയും മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് ഭാരത് ബയോടെക്കിന്റെ പുതിയ നീക്കം.
"ഭാരത് ബയോടെക് അവരുടെ വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഇന്ന് അപേക്ഷ സമർപ്പിച്ചു.സിറം, ഫൈസർ കമ്പനികളുടെ അപേക്ഷകൾക്കൊപ്പം ഈ ആഴ്ച തന്നെ ഭാരത് ബയോടെക്കിന്റെ അപേക്ഷയും എസ്.ഇ.സി (സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി) പരിശോധിക്കും. ഇത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും." സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ലെെവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഫെെസറിനും സിറം ഇൻസ്റ്റിറ്റ്യൂട്ടിനും പിന്നാലെ ഇന്ത്യയിൽ വാക്‌സിന്റെ ഉപയോഗത്തിന് അനുമതി തേടുന്ന മൂന്നാമത്തെ കമ്പനിയാണ് ഭാരത്ബയോടെക്.