
മുംബയ്: പുതിയ കാർഷിക നിയമത്തിലൂടെ നേട്ടമുണ്ടാക്കിയ കർഷകൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചയാൾ കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത്. മഹാരാഷ്ട്രയിൽ നിന്നുമുള്ള കർഷകൻ ജിതേന്ദ്ര ഭോയി ആണ് കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. പുതിയ കാർഷിക നിയമത്തിലൂടെ ഇടനിലക്കാരനിൽ നിന്നും ലഭിക്കേണ്ടിയിരുന്ന പണം ജിതേന്ദ്രയ്ക്ക് ലഭിച്ചു എന്നായിരുന്നു തന്റെ 'മൻ കി ബാത്ത്' റേഡിയോ പരിപാടിയിലൂടെ പ്രധാനമന്ത്രി പറഞ്ഞത്.
ദേശീയ മാദ്ധ്യമമായ 'ഇന്ത്യ ടുഡേ'യോടാണ് ജിതേന്ദ്ര ഭോയി ഇക്കാര്യം പറഞ്ഞത്. സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റിന് പരാതി നൽകിയതിലൂടെ തനിക്ക് ലഭിക്കാനുണ്ടായിരുന്ന പണം ലഭിക്കുമെന്നുള്ള ഉറപ്പ് കിട്ടിയെങ്കിലും ഏറ്റവും കുറഞ്ഞ താങ്ങുവിലയുടെ കാര്യത്തിലെ വ്യക്തതക്കുറവ് കാരണം തനിക്ക് വൻ നഷ്ടം സംഭവിച്ചുവെന്നാണ് ജിതേന്ദ്ര പറയുന്നത്.
വ്യാപാരികൾ പണം തടഞ്ഞുവച്ചിട്ടുണ്ടെങ്കിൽ കാർഷിക നിയമം വഴി അവർക്ക് അതിന് പരിഹാരം തേടാമെന്ന് ജിതേന്ദ്ര പറയുമ്പോഴും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നും ജിതേന്ദ്ര ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ ഷിർപ്പൂർ താലൂക്കിലുള്ള ഭട്ടാനെ ഗ്രാമമാണ് ജിതേന്ദ്രയുടെ സ്വദേശം
'എം.എസ്.പിയിലൂടെയാണ് എന്റെ വിളകൾ വിട്ടിരുന്നെതെങ്കിൽ എനിക്ക് ലാഭം കിട്ടുമായിരുന്നു. ചോളത്തിന് 1,850 രൂപയാണ് ഏറ്റവും കുറഞ്ഞ താങ്ങുവില. എന്നാൽ അവ ഞാൻ വിറ്റത് 1,240 രൂപയ്ക്കാണ്. അതായത് ഓരോ ക്വിന്റലിനും എനിക്ക് 600 രൂപയുടെ നഷ്ടം സംഭവിച്ചു. ഇങ്ങനെ നോക്കുമ്പോൾ നഷ്ടം വരുന്നത് കർഷകന് മാത്രമാണ്. ഇക്കാരണം കൊണ്ട്, കർഷക സമരത്തെ ഞാൻ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാരിനെ അറിയിക്കുകയാണ്.'- ജിതേന്ദ്ര ഭോയി പറയുന്നു.