
മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എ.ടി.കെ മോഹൻ ബഗാനെ കീഴടക്കി. ഇരട്ട ഗോളുകളുമായി തിളങ്ങിയ നെറിയസ് വാൽസ്‌കിസാണ് ജംഷഡ്പൂരിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. ഗോളടിയന്ത്രം റോയ് കൃഷ്ണയാണ് എ.ടി.കെയ്ക്കായി ലക്ഷ്യം കണ്ടത്. തുടർച്ചയായ മൂന്ന് ജയങ്ങൾക്ക് ശേഷം എ.ടി.കെയുടെ സീസണിലെ ആദ്യ തോൽവിയാണിത്.
തുടക്കം മുതൽ ജംഷഡ്പൂരിന്റെ ആധിപത്യമായിരുന്നു. 13-ാം മിനിറ്റിൽ അവരുടെ മുബഷിർ അവസരം നഷ്ടപ്പെടുത്തി.
30-ാം മിനിറ്റിൽ വാൽസ്‌കിസ് ജംഷഡ്പൂരിന്റെ ആദ്യ ഗോൾ നേടി. മോൺറോയിയുടെ കോർണൺ ഹെഡ്ഡറിലൂടെ വാൽസ്‌കിസ് വലയിലെത്തിക്കുകയായിരുന്നു. 32-ാം മിനിറ്റിൽ വാൽക്കിസിന്റെ മറ്രൊരു ഹെഡർ നേരെ അരിന്ദം ഭട്ടാചാര്യ പിടിച്ചെടുത്തു
66-ാം മിനിറ്റിൽ എ.ടി.കെ പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു വാൽസ്‌കിസിന്റെ രണ്ടാം ഗോൾ പിറന്നത്. വീണ്ടും മോൺറോയിയുടെ കോർണറിൽ നിന്നാണ് ഗോളിന്റെ പിറവി. മുബഷിറിന്റെ ഹെഡ്ഡർ എ.ടി.കെ ഡിഫൻഡറുടെ ദേഹത്ത് തട്ടി വാൽസ്‌കിസിന്റെ മുന്നിലേക്കെത്തുകയായിരുന്നു. വാൽസ്‌കിസ് പിഴവില്ലാതെ പന്ത് വലയ്ക്കകത്താക്കി.
80-ാം മിനിറ്റിലാണ് റോയ് കൃഷ്ണയിലൂടെ എ.ടി.കെ ഒരു ഗോൾ തിരിച്ചടിച്ചത്. മൻവീർ ഹെഡ് ചെയ്ത പന്ത് ലഭിക്കുമ്പോൾ കൃഷ്ണ ഓഫ്‌സൈഡായിരുന്നു. പക്ഷേ റഫറി കണ്ടില്ല.
മലയാളി ഗോൾ കീപ്പർ രെഹനേഷിന്റെ മികച്ച പ്രകടനവും ജംഷഡ്പുരിന്റെ വിജയത്തിൽ നിർണായകമായി.
ഇന്നത്തെ മത്സരം
ബംഗളൂരു - നോർത്ത് ഈസ്‌റ്റ്
(രാത്രി 7.30 മുതൽ)