
പാരിസ്: പൊലീസിന് കൂടുതൽ പരിരക്ഷയൊരുക്കുന്ന നിർദ്ദിഷ്ട സുരക്ഷാ ബില്ലിനെതിരെ ഫ്രാൻസിൽ നടക്കുന്ന പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി. പാരിസിൽ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. സമരക്കാർക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പലയിടത്തും തീവയ്പ്പുണ്ടായി.
കഴിഞ്ഞ വാരാന്ത്യത്തിലും പാരിസിൽ വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു. മൂന്ന് വെള്ളക്കാരായ പൊലീസുകാർ കറുത്ത വംശജനായ സംഗീതജ്ഞനെ വംശീയമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമരം ശക്തിപ്പെട്ടു.പ്രതിഷേധം ശക്തിപ്രാപിച്ചതോടെ, ഭരണപക്ഷം നിയമത്തിലെ ചില ഭാഗങ്ങൾ മാറ്റുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇത് പോരെന്ന നിലപാടിലാണ് മനുഷ്യാവകാശ പ്രവർത്തകരും സമരക്കാരും.
കഴിഞ്ഞ ദിവസത്തെ പ്രക്ഷോഭത്തിൽ പാരിസിലെ പലയിടത്തും കലാപാന്തരീക്ഷമുണ്ടായി. സമരക്കാർക്കിടയിലേക്ക് 500ഓളം കലാപകാരികൾ നുഴഞ്ഞുകയറി അക്രമവും കൊള്ളിവെപ്പും നടത്തിയെന്ന് പൊലീസ് ആരോപിച്ചു. ഫ്രാൻസിലെ മറ്റു ചില നഗരങ്ങളിലും പ്രക്ഷോഭങ്ങൾ നടന്നു. രാജ്യത്താകെ അരലക്ഷത്തിലധികം പേർ സമരങ്ങളിൽ പങ്കെടുത്തു. 64 പേരെ അറസ്റ്റ് ചെയ്തു. എട്ടു പൊലീസുകാർക്ക് പരിക്കുണ്ട്.