
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ കഴിയാറില്ല. പലരും ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതും പകൽനേരത്ത് അളവിൽ വന്ന പോരായ്‌മ പരിഹരിക്കുന്നതും രാത്രി ഭക്ഷണത്തിലാണ്. എന്നാൽ രാത്രി ഭക്ഷണകാര്യത്തിൽ അല്‌പം ശ്രദ്ധ അനിവാര്യമാണ്. രാത്രിയിൽ സാലഡ് കഴിക്കുന്നവർ തക്കാളി ഒഴിവാക്കൂ.
തക്കാളിയിൽ ആസിഡിന്റെ അളവ് കൂടുതലുള്ളതാണ് കാരണം. ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളും രാത്രിയിൽ ഒഴിവാക്കേണ്ടവയാണ്. പാൽ, പാലുത്പന്നങ്ങൾ, മയണൈസ് തുടങ്ങി കലോറി കൂടുന്ന ഭക്ഷണങ്ങളും രാത്രിയിൽ കഴിക്കുന്നത് നന്നല്ല. ഇവ രാത്രിയിൽ കഴിച്ചാൽ നെഞ്ചെരിച്ചിൽ അനുഭവപ്പെടും.
കപ്പ, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവർഗങ്ങൾ, ഉറക്കത്തെ തടസപ്പെടുത്തുന്ന അമിതമധുരമുള്ള പായസം, കൊഴുപ്പിന്റെ അളവു കൂട്ടുന്ന ഫ്രൈഡ് ഫുഡ്, മൈദ കൊണ്ടുള്ള ബ്രഡ് എന്നിവയും രാത്രി ഒഴിവാക്കേണ്ടതാണ്. ഇളംചൂടുള്ള പാലിലെ ട്രിപ്റ്റഫൈൻ തലച്ചോറിൽ സെറാടോണിൻ എന്ന രാസപദാർത്ഥത്തെ ഉത്പാദിപ്പിച്ച് സുഖനിദ്രയ്ക്ക് സഹായിക്കുന്നു. അതിനാൽ ഉറക്കത്തിന് മുൻപ് ഒരുഗ്ളാസ് ചൂട് പാൽ കുടിക്കുക.