sivasankar

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വാദം തുടരും. സ്വർണക്കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്തയാണ് ശിവശങ്കറിന് വേണ്ടി ഹാജരാകുന്നത്. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും, കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം.

സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കർക്കുള്ള കോഴയാണെന്നും, സ്വർണക്കടത്തിൽ പങ്കുണ്ടെന്നുമാണ് ഇഡി ആരോപിക്കുന്നത്. സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്ന നേരത്തെ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിൽ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും കോടതിയിൽ ഹാജരാക്കും.