
തിരുവനന്തപുരം: രാജ്യത്ത് എവിടെയാണെങ്കിലും തിരഞ്ഞെടുപ്പ് ദിനം വോട്ടു ചെയ്യാനായി കേരളത്തിലെത്തുന്ന എ കെ ആന്റണി ഇത്തവണ വോട്ട് ചെയ്യാൻ എത്തില്ല. കൊവിഡ് ബാധിതനായിരുന്ന എ കെ ആന്റണി രോഗമുക്തിക്ക് ശേഷം ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വിശ്രമത്തിലാണ്. ഒരു മാസത്തെ കർശന വിശ്രമം ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. ആദ്യമായാണ് ആന്റണി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കുന്നത്.
വോട്ട് ചെയ്യാൻ കഴിയാതെ പോയതിൽ അദ്ദേഹം തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കളോടും സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയോടും ഖേദം പ്രകടിപ്പിച്ചത് പലരേയും ഞെട്ടിപ്പിച്ചു. തിരുവനന്തപുരം നഗരസഭയിലെ ജഗതി വാർഡിലാണ് എ കെ ആന്റണിക്ക് വോട്ടുളളത്. വോട്ട് ചെയ്യാനായി എ കെ ആന്റണിയും എം എം ഹസനും ഒരുമിച്ച് കുടുംബസമ്മേതം വോട്ട് ചെയ്യാൻ പോകുന്നത് തിരഞ്ഞെടുപ്പ് ദിവസത്തെ പതിവ് കാഴ്‌ചയാണ്.

ജഗതി വാർഡിലെ യു ഡി എഫ് സ്ഥാനാർഥി നീതു വിജയൻ എ കെ ആന്റണിയുമായി ഫോണിൽ സംസാരിച്ചിരുന്നു. എം എം ഹസന്റെ വീട്ടിലെത്തിയാണ് നീതു ആന്റണിയുമായി ഫോണിൽ സംസാരിച്ചത്. വരാനുളള ബുദ്ധിമുട്ട് ആന്റണി പറഞ്ഞപ്പോൾ അനുഗ്രഹം വേണമെന്നായി സ്ഥാനാർത്ഥി. നീതുവിന് മാത്രമല്ല, സംസ്ഥാനത്തെ എല്ലാ യു ഡി എഫ് സ്ഥാനാർത്ഥികൾക്കും തന്റെ അനുഗ്രഹവും ആശംസയും ഉണ്ടെന്ന് ആന്റണി ഫോണിലൂടെ മറുപടി പറഞ്ഞു. എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയും കൊവിഡ് നെഗറ്റീവായ ശേഷം വിശ്രമത്തിലാണ്.