killing

ജോധ്പൂർ:ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹത്തിനരികിലിരുന്ന് ഭർത്താവ് വീഡിയോ ഗെയിം കളിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് വിക്രംസിംഗ് എന്ന മുപ്പത്തഞ്ചുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ശിവ കൻവാർ എന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊന്നവിവരം അവരുടെ മതാപിതാക്കളെയും ബന്ധുക്കളെയും വിളിച്ചറിയിച്ചശേഷമായിരുന്നു ഇയാൾ രക്തത്തിൽ കുളിച്ച മൃതദേഹത്തിനരികെയിരുന്ന് ഒരു കൂസലും കൂടാതെ മൊബൈൽ ഗെയിം കളിച്ചത്.

തൊഴിൽ രഹിതനാണ് വിക്രംസിംഗ്. ജോലിചെയ്യാതെ മൊബൈൽഗെയിം കളിച്ചും ഉറങ്ങിയും സമയം കളയാനായിരുന്നു ഇയാൾക്ക് താത്പര്യം. ഇക്കാര്യം പറഞ്ഞ് വിക്രംസിംഗും ഭാര്യയുമായി നിരന്തരം വഴക്കുകൂടിയിരുന്നു. തുന്നൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ശിവ കൻവാർ രണ്ടുമക്കളെയും വിക്രംസിംഗിനെയും പോറ്റിയിരുന്നത്. അടുത്തിടെ ഇവർക്ക് ഒരു സഹകരണ സ്ഥാപനത്തിൽ ജോലി കിട്ടി. എന്നാൽ ഭാര്യ ജോലിക്കുപോകുന്നതിൽ വിക്രംസിംഗിന് എതിർപ്പുണ്ടായിരുന്നു. ഭർത്താവിനോടും ജോലിക്കുപോകാൻ ശിവ കൻവാർ ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലിയുളള വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

kill

കത്രികകൊണ്ടുളള നിരവധി കുത്തുകളേറ്റ ശിവകുമാരി തൽക്ഷണം മരിച്ചു. തുടർന്ന് വിക്രംസിംഗ് അവരുടെ മതാപിതാക്കളെ കൊലപാതക വിവരം വിളിച്ചറിയിച്ചു. ഇവരാണ് പൊലീസിനെ അറിയിച്ചത്. പൊലീസിനോട് വിക്രംസിംഗ് നടന്ന കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ ദമ്പതികളുടെ രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.