
തിരുവനന്തപുരം: തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ ആവേശമായിരുന്ന വി.എസ്. അച്യുതാനന്ദൻ ഇന്ന് പോളിംഗ് ബൂത്തിലേക്കില്ല. ശാരീരികാവശതകളാൽ യാത്ര ചെയ്യരുതെന്ന ഡോക്ടർമാരുടെ കർശന നിർദ്ദേശമാണ് വി.എസിന്റെ വോട്ട് മുടക്കിയത്. എന്നാൽ ആലപ്പുഴയിൽ പോയി വോട്ട് ചെയ്യണമെന്ന് ഇന്നലെയും വി.എസ് ആഗ്രഹം പ്രകടിപ്പിച്ചു. വോട്ടിടാൻ പോണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഭാര്യയും മകനും കൺഫ്യൂഷനിലാവുകയാണ്.
കേരളപ്പിറവിക്ക് മുമ്പ് നാലര വർഷം ജയിലിൽ കഴിഞ്ഞപ്പോഴും അഞ്ചര വർഷം ഒളിവിൽ കഴിഞ്ഞപ്പോഴും മാത്രമാണ് വി.എസ് വോട്ടിടാതിരുന്നിട്ടുള്ളത്. ഐക്യകേരളത്തിനുശേഷം വി.എസ് വോട്ട് രേഖപ്പെടുത്താത്ത ഏക തിരഞ്ഞെടുപ്പാണിത്.
പുന്നപ്ര വടക്ക് പഞ്ചായത്തിലെ എട്ടാം വാർഡിലെ ബൂത്തിലാണ് വോട്ട്. അദ്ദേഹം താമസിക്കുന്ന ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ ഇപ്പോൾ പുറത്ത് നിന്ന് ആർക്കും പ്രവേശനമില്ല. പോസ്റ്റൽ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മിഷന് ഒരാഴ്ച മുമ്പ് അപേക്ഷ നൽകിയെങ്കിലും അനുവദിക്കാനാവില്ലെന്നാണ് കമ്മിഷൻ അറിയിച്ചത്.
സർക്കാർ ജീവനക്കാർക്കും കൊവിഡ് രോഗികൾക്കും മാത്രമേ പോസ്റ്റൽ വോട്ടിന് അർഹതയുള്ളൂവെന്നാണ് കമ്മിഷൻ വ്യക്തമാക്കിയത്. വി.എസിന്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. അത് ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ നൽകി കാത്തിരിക്കുകയാണ്. വി.എസിന് കൂട്ടിരിക്കുന്നതിനാൽ ഭാര്യയും ഇക്കുറി വോട്ട് ചെയ്യില്ല. മകനും മരുമകളും വോട്ടിടാൻ രാവിലെ ആലപ്പുഴയിൽ പോകും.