
തിരുവനന്തപുരം:നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്പീക്കർ സ്വർണക്കടത്തിനെ സഹായിച്ചെന്നും അദ്ദേഹത്തിന്റെ വിദേശ യാത്രകൾ ദുരൂഹമാണെന്നും പറഞ്ഞ സുരേന്ദ്രൻ മന്ത്രിമാരും സ്വർണക്കടത്തിനെ സഹായിച്ചിട്ടുണ്ടെന്നും ആരോപിച്ചു. അധോലോക സംഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കി സുരേന്ദ്രൻ രംഗത്തെത്തിയത്.
സ്വപ്‌നാ സുരേഷ്, പി.എസ് സരിത്ത് എന്നിവരുടെ രഹസ്യമൊഴിയിലാണ് ഭരണ ഘടനാ പദവിയിലുള്ള ഉന്നതന്റെ പങ്കിനെക്കുറിച്ച് പരാമർശനമുണ്ടായിരുന്നത്. സ്വർണക്കടത്തിലും ഡോളർ കടത്തിലും ഒരു ഉന്നതന് പങ്കുണ്ടെന്ന വാർത്തകൾ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കള്ളക്കടത്തിന് സഹായിച്ച ഉന്നതന് ഈശ്വരനാമം എന്നായിരുന്നു ഇന്നലത്തെ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ പറഞ്ഞത്. ഉന്നതൻ ആരെന്നുളള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിയമപരമായി ആ പേര് പുറത്തുവരുന്നതാണ് നല്ലതെന്നും എല്ലാം ഈശ്വരന്റെ പര്യായ പദങ്ങളാണല്ലോ. ഭഗവാന്റെ പര്യായ പദങ്ങളാണ് നമ്മുടെ നാട്ടിലെ എല്ലാ പേരുകളെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. മന്ത്രിസഭയിൽ അംഗമല്ലാത്ത ഒരു പ്രധാനി അല്ല, നാലഞ്ചു പ്രധാനികൾ കളളക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കുന്ന ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ ഇരുപതിലേറെ വിദേശ യാത്രകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണ്. ഈ യാത്രകളിൽ ഭൂരിഭാഗവും യു. എ. ഇയിലേക്കായിരുന്നു. നാല് യാത്രകളിൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്നയും ഒപ്പമുണ്ടായിരുന്നു.
പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹത്തിന്റെ ലഗേജുകൾ വിമാനത്താവളത്തിൽ ഗ്രീൻചാനലിലൂടെ, പരിശോധനയില്ലാതെ വിമാനത്തിലേക്ക് കയറ്റും. യു.എ.യിലും ഇതേ സൗകര്യം ഉപയോഗിച്ച് പരിശോധനയില്ലാതെ ബാഗുകൾ പുറത്തെത്തിക്കും. സംസ്ഥാനത്ത് ഈ പരിരക്ഷയുള്ള ചുരുക്കം നേതാക്കളേയുള്ളൂ. ഈ സൗകര്യം ഉപയോഗിച്ച് ഡോളർ കടത്തിയെന്നാണ് സംശയം.കടത്തിയ പണം ആരുടേതാണെന്നും അതിന്റെ ഉറവിടവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണ്.