
നൃത്തമാണോ കൃഷിയാണോ  പ്രാണനെന്ന് ചോദിച്ചാൽ സുമ  ചിരിക്കും, രണ്ടും പ്രാണന്റെ പ്രാണനാണെന്നാണ്  ആ പുഞ്ചിരിയുടെ അർത്ഥം.  എല്ലാവർക്കും  തുല്യമായി  ലഭിക്കുന്ന സമയം കൈയിൽ എത്തുമ്പോൾ അത് എങ്ങനെയാണ്  വിജയത്തിലേക്കുള്ള യാത്രയാക്കുന്നതെന്ന് ലളിതമായി  പറഞ്ഞുതരും ഈ ജീവിതം
നൃത്തവും കൃഷിയും, സുമ പ്രാണനെ പോലെ കരുതുന്ന രണ്ടിഷ്ടങ്ങളാണ്. ഇതിലേതിനോടാന്ന് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ ഉത്തരം കിട്ടാൻ കുറച്ച് പ്രയാസമാണ്. രണ്ടും ജീവിതത്തോട് ചേർത്തു നിറുത്തിയാണ് ആർ.എൽ.വി സുമ ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. നെൽക്കൃഷിയും പച്ചക്കറിത്തോട്ടവും കശുമാവിൻതോപ്പുമൊക്കെ നിറഞ്ഞു നിന്ന നിറവുമുള്ള ബാല്യമായിരുന്നു സുമയുടേത്. ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന നരേന്ദ്രൻ നായർക്ക് കൃഷി അത്രമേൽ പ്രിയം. ആ ഇഷ്ടം മകളിലേക്കും പകർന്നുകിട്ടിയത് തീർത്തും സ്വാഭാവികം. അക്ഷരം പഠിക്കാൻ തുടങ്ങിയ കാലം മുതലേ കൂട്ടുകൂടിയതാണ് നൃത്തത്തോട്. ഇന്നും ചുവടുകൾ വയ്ക്കാത്ത ഒരുദിവസം പോലും തന്റെ ജീവിതത്തിലില്ലെന്ന് സുമ പറയുന്നു. കൃഷിയ്ക്കിടയിൽ നൃത്തവിദ്യാലയവും നടത്തിയാണ് സുമ വ്യത്യസ്തയാകുന്നത്.
25 ഗ്രോബാഗിൽ തുടങ്ങിയ വിജയം
സുമ കൃഷിയിലേക്ക് സജീവമായ കഥയിങ്ങനെ. ''വിവാഹശേഷം 2005ൽ അടൂരിൽ പത്ത് സെന്റ് സ്ഥലം വാങ്ങി ഞങ്ങൾ അങ്ങോട്ടേക്ക് താമസം മാറി. അതിനകത്ത് രണ്ട് വീടുണ്ട്. കൃഷി ചെയ്യാൻ വേണ്ടിയുള്ള സ്ഥലം വളരെ കുറവ്. അപ്പോൾ കൃഷി ശരിക്കും ബുദ്ധിമുട്ടായി. ചാക്കിലായിരുന്നു ആദ്യം കൃഷി. വീട്ടിലേക്ക് വേണ്ടത് മാത്രമായിരുന്നു അന്നൊക്കെ കൃഷി ചെയ്തെടുത്തത്. 2010ലായിരുന്നു കൃഷി ഗൗരവത്തോടെ കണ്ടത്. ആ സമയത്താണ് അടൂർ കൃഷിഭവനിൽ 500 രൂപ കൊടുത്ത് കർഷക രജിസ്ട്രേഷൻ ചെയ്താൽ 25 ഗ്രോബാഗ് കിട്ടുമെന്ന് അറിയുന്നത്. മണ്ണും വളവും തൈയും ഒക്കെ ചേർത്താണ് അവർ തരുന്നത്. അതൊരു പരീക്ഷണാർത്ഥം കൊണ്ട് വച്ചതാണ്. എന്തായാലും വിജയം കണ്ടു. അങ്ങനെ ഇരുപത്തഞ്ചിൽ നിന്നും നൂറ് ഗ്രോബാഗിലേക്കെത്തി. അത് അഞ്ഞൂറായി, ആയിരമായി... അങ്ങനെ ഉയർന്നു.""
അപ്പോഴും സ്ഥലപരിമിതി സുമയ്ക്കും കുടുംബത്തിനും വലിയ വിഷമമായിരുന്നു. മഴമറയെ കുറിച്ച് അറിഞ്ഞതോടെ കൃഷി ഒന്നുകൂടി വ്യാപിപ്പിച്ചു. മഴമറ കൊണ്ട് ടെറസ് മുഴുവൻ മറച്ചായിരുന്നു പിന്നീടത്തെ കൃഷി. പൈപ്പും പ്ലാസിക്ക് കുപ്പിയുമെല്ലാം കൃഷിക്ക് വേണ്ടി ഉപയോഗിച്ചു. മഴമറ ചെയ്തപ്പോൾ ജി. ഐ പൈപ്പ് വച്ച് സ്റ്റാൻഡടിച്ച് അതിന് മുകളിലാണ് ഗ്രോബാഗുകളും ചട്ടികളുമൊക്കെ വച്ചത്. അതുകൊണ്ട് തന്നെ വീടിന്റെ ടെറസിന് പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും സ്ഥലമില്ലാതെ കൃഷി ചെയ്യാൻ വിഷമിക്കുന്നവർക്കെല്ലാം ഈ മാതൃക ഉപയോഗപ്രദമാകുമെന്നുമാണ് സുമ പറയുന്നത്.

വീട്ടിലേക്ക് വേണ്ടതെല്ലാം  വീട്ടിൽ നിന്നുതന്നെ
ഇന്നിപ്പോൾ സുമയ്ക്കും കുടുംബത്തിനും പച്ചക്കറി വിളകളൊന്നും തന്നെ പുറത്തു നിന്നും വാങ്ങേണ്ട ആവശ്യമില്ല. പയർ, പാവൽ, പടവലം, കാരറ്റ്, ബീൻസ്, കാബേജ്, കോളിഫ്ലവർ, മുളക്, വെണ്ട തുടങ്ങി എല്ലാ പച്ചക്കറികളും ഇവിടെ തന്നെ വിളവെടുത്താണ് ഉപയോഗിക്കുന്നത്. സമീപത്തുള്ളവരൊക്കെ വിഷമില്ലാത്ത പച്ചക്കറിക്കായി സുമയെയാണ് ആശ്രയിക്കുന്നതും. ആവശ്യക്കാരുടെ എണ്ണം ഏറിയതോടെ രണ്ടാമതൊരു മഴമറ കൂടി ചെയ്തു. മനസും ഇഷ്ടവുമുണ്ടെങ്കിൽ ആർക്കും ഇതുപോലെ വീട്ടിൽ തന്നെ വിളവെടുക്കാവുന്നതേയുള്ളൂവെന്ന് സുമ പറയുന്നു. ഗ്രോബാഗിലും ചാക്കിലുമായിട്ട് തന്നെയാണ് സുമയുടെ കൃഷികളധികവും. സവാളയ്ക്ക് വില കുതിച്ചുയർന്ന സമയത്തും സുമയ്ക്ക് പേടി തോന്നിയില്ല. വീട്ടിൽ കൃഷി ചെയ്ത സവാള വിളവെടുത്തത് ആ സമയത്തായിരുന്നു. പച്ചക്കറികൾക്ക് പുറമേ പഴവർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഇത്തവണ തണ്ണിമത്തനിലും നല്ല വിളവെടുക്കാനായി എന്നതാണ് പുതിയ സന്തോഷം. ഇതിന് പുറമേ വീട്ടിൽ തന്നെ മത്സ്യകൃഷിയും ഔഷധത്തോട്ടവുമുണ്ട്. കുട്ടിക്കാലത്തെ  പച്ചപ്പ് നിറഞ്ഞ ഓർമകളാണ് തന്നെയിപ്പോഴും കൃഷിയിലേക്ക് വഴി തെളിയിക്കുന്നതെന്നാണ് സുമ പറയുന്നത്. ''മൂന്ന് ചേട്ടന്മാരാണ് എനിക്ക്. അന്ന് പാടത്ത് കൃഷിയൊക്കെ ഉള്ളതുകൊണ്ട് അച്ഛനും പണിക്കാർക്കുമൊക്കെ കഞ്ഞി കൊണ്ടു കൊടുക്കുന്ന ജോലി ഞങ്ങൾ കുട്ടികൾക്കാണ്. അവിടെയെത്തിയാൽ പിന്നെ ഞങ്ങളും മണ്ണിലേക്കിറങ്ങും. ചെളിയാണെന്നോ അഴുക്ക് പറ്റുമെന്നോ ഒന്നും ചിന്തിക്കില്ല. അവിടെ കള പറിക്കാനും വരമ്പ് കോരാനുമൊക്കെ ഞങ്ങളും കൂടും. അതുപോലെ, വീട്ടിലെ പച്ചക്കറി തോട്ടത്തെ നനയ്ക്കുന്നതും വിളവെടുക്കുന്നതുമൊക്കെ ഞങ്ങളും കൂടി ചേർന്നാണ്. ആ ഇഷ്ടം തന്നെയാണ് ഇപ്പോഴും.""
നൃത്തം ഒരിക്കലും കൈവിടില്ല
ചെറുപ്പത്തിൽ കൃഷിയേക്കാൾ കൂടുതൽ സ്നേഹം നൃത്തത്തോടായിരുന്നു.പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തപസ്യകലാക്ഷേത്രം എന്ന പേരിൽ ഡാൻസ് സ്കൂൾ തുടങ്ങുന്നത്. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തന്നെ അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ ഡാൻസ് ടീച്ചറായി പഠിപ്പിക്കുമായിരുന്നു. പത്ത് വർഷത്തോളം അവിടെ പഠിപ്പിച്ചു. ബി.എ ഹിസ്റ്ററി കഴിഞ്ഞ ശേഷമാണ് ആർ.എൽ.വിയിൽ ചേരുന്നത്. പിന്നെ എം.ജി യൂണിവേഴ്സിറ്റിയിൽ ബി.എ ഭരതനാട്യം ചെയ്തു. ഒന്നാം റാങ്കോടെ പാസായി. ഇപ്പോൾ ഭരതനാട്യത്തിൽ എംഫിൽ ചെയ്യുന്നു. കൂട്ടത്തിൽ അത്യാവശ്യം പൊതുപ്രവർത്തനവുമുണ്ട്. ഇതിനെല്ലാം എങ്ങനെയാണ് സമയം കണ്ടെത്തുന്നതെന്ന് ചോദിച്ചാൽ സുമയുടെ ഉത്തരം ഇങ്ങനെ, മനസുണ്ടെങ്കിൽ സമയം താനേ വരും. 2019 ൽ സർക്കാരിന്റെ മികച്ച മട്ടുപ്പാവ് കർഷകയ്ക്കുള്ള അവാർഡും ലഭിച്ചിരുന്നു. ഭർത്താവ് സുരേഷ് കൃഷ്ണ, മക്കൾ ഗൗതം കൃഷ്ണയും രഞ്ജിനി കൃഷ്ണയും.