
വാഷിംഗ്ടൺ: തന്റെയൊപ്പം രാജ്യത്തെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജയായ കമലാ ഹാരിസിനെ തിരഞ്ഞെടുത്ത ചരിത്രപരമായ തീരുമാനം രാജ്യത്തിന്റെ പ്രതിരോധ തലപ്പത്തും ആവർത്തിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. രാജ്യചരിത്രത്തിലാദ്യമായി പ്രതിരോധ സെക്രട്ടറിയായി ഒരു ആഫ്രിക്കൻ അമേരിക്കൻ വംശജനെ ബൈഡൻ തിരഞ്ഞെടുത്തു. ഇറാഖിലും അഫ്‌ഗാനിസ്ഥാനിലുമുളള സേനയെ നയിച്ച മുൻ ആർമി ജനറലായ ലോയ്‌ഡ് ഓസ്‌റ്റിനാണ് അമേരിക്കയുടെ അടുത്ത പ്രതിരോധ സെക്രട്ടറിയാകുക. 2003ൽ ബാഗ്‌ദാദിൽ അമേരിക്കൻ സേനയെ നയിച്ചയാളാണ് 67കാരനായ ഓസ്‌റ്റിൻ. സെനറ്റ് അനുമതി ലഭിച്ചയുടൻ ഓസ്‌റ്റിന് പദവി ഏറ്റെടുക്കാനാകും.
നാല് പതിറ്റാണ്ടോളം സൈന്യത്തിൽ ജോലി നോക്കിയയാളാണ് ഓസ്‌റ്റിൻ. സേനയിൽ വിവിധയിടങ്ങളിൽ പ്ളാറ്റൂണുകളെ നയിക്കാനും ആയുധ വിതരണത്തിലും പുതിയ സൈനികർക്ക് പരിശീലനത്തിനും ലോയ്‌ഡ് ഓസ്‌റ്റിൻ പ്രാഗൽഭ്യം തെളിയിച്ചയാളാണ്. ഇറാഖിലെ അമേരിക്കൻ അധിനിവേശ സമയത്ത് സൈന്യത്തിലെ പ്രധാനപ്പെട്ട ചുമതല ഓസ്‌റ്റിൻ വഹിച്ചു. അമേരിക്കയുടെ നൂറ്റി എൺപതാമത് സംയുക്ത സൈനികസംഘത്തെ ഓസ്‌റ്റിൻ നയിച്ചിരുന്നു. 2003 മുതൽ 2005 വരെയായിരുന്നു ഇത്. 2010ൽ ഇറാഖിൽ സൈന്യത്തെ നയിച്ച ഓസ്‌റ്റിൻ 2012ൽ പെന്റഗണിൽ മുഖ്യ ചുമതലകളിലും അദ്ദേഹമുണ്ടായിരുന്നു.
അമേരിക്കയിലെ 12 ലക്ഷം സൈനികരിൽ 16 ശതമാനം പേരും കറുത്ത വർഗക്കാരാണ്. എന്നാൽ ഇവരിൽ വളരെ കുറച്ചുപേർ മാത്രമേ ഉന്നത റാങ്കുകളിലേക്ക് എത്തിച്ചേർന്നിട്ടുളളു. കറുത്ത വർഗക്കാർക്കെതിരെ അമേരിക്കയിൽ നടക്കുന്ന പൊലീസ് അക്രമങ്ങൾക്കെതിരെ പ്രതിഷേധത്തിൽ ഈ വേർതിരിവ് ചർച്ചയായി വന്നിരുന്നു. ആഫ്രിക്കൻ അമേരിക്കൻ സൈനികർക്ക് ഇക്കാര്യത്തിൽ തോന്നുന്ന വിഷമങ്ങളെ കുറിച്ച് മറ്റ് സൈനികരോട് നിരവധി തവണ ബോധവൽക്കരണം നടത്തിയതായി മുൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പറും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തായാലും അത്തരം പ്രതിഷേധങ്ങളും മറ്റും ഭരണതലത്തിൽ മാറ്റൊലി കൊളളുന്നുണ്ടെന്ന് വേണം ലോയ്‌ഡ് ഓസ്‌റ്റിന്റെ തിരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കാൻ.