aravind-kejriwal

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്‌മി പാർട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടാണ് കേജ്‌രിവാളിനെ വീട്ടുതടങ്കലിൽ ആക്കിയതെന്ന് ആം ആദ്‌മി പാർട്ടി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വീടിനുളളിൽ നിന്ന് അദ്ദേഹത്തെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും എം എൽ എമാരെ വീടിനുളളിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നുമാണ് പാർട്ടി നേതാക്കൾ പറയുന്നത്. പൊലീസിനെ ഉപയോഗിച്ച് കേന്ദ്രം പ്രതികാരം തീർക്കുന്നുവെന്നാണ് ആം ആദ്‌മി പാർട്ടിയുടെ ആരോപണം.

ഇന്നലെ കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ കേജ്‌രി‌വാൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനം നടത്തുകയും ചെയ്‌തിരുന്നു. സമരത്തിൽ പങ്കെടുത്ത് വീട്ടിൽ തിരികെയെത്തിയ കേജ്രിവാളിന്റെ വീടിന് ചുറ്റും അപ്രതീക്ഷിതമായി ഡൽഹി പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുകയായിരുന്നു.

ഫോണിൽ അദ്ദേഹത്തെ ലഭ്യമാകുന്നുണ്ടെന്നാണ് വിവരം. അതേസമയം, കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഭാരത് ബന്ദിനെ തുടർന്ന് ക്രമസമാധാനവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം ഇന്നലെ വ്യക്തമാക്കിയിരുന്നു.