
ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യയെന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് അറിയപ്പെടുന്ന പാർലമെന്റ് മന്ദിരം പുതുതായി നിർമ്മിക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കം കോടതി കയറിയിരിക്കുയാണിപ്പോൾ.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡിസംബർ 10ന് നടത്താൻ കേന്ദ്രത്തിന് അനുമതി നൽകിയ സുപ്രീംകോടതി നിർമ്മാണങ്ങൾ തൽക്കാലം വിലക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം രാജ്യം കണ്ടത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കെട്ടിടങ്ങൾ പൊളിക്കരുതെന്നും മരങ്ങൾ മുറിക്കരുതെന്നുമുള്ള കർശന നിർദ്ദേശമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ അവസരത്തിൽ കേന്ദ്ര സർക്കാർ പുതിയ ഒരു പാർലമെന്റ് കെട്ടിടത്തെ കുറിച്ച് ചിന്തിക്കുന്നത് എന്തിനെന്ന് പരിശോധിക്കാം.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വളരെ കാലം മുൻപേ നിയമനിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് ഇന്നത്തെ പാർലമെന്റ്. അക്കാലത്ത് കേവലം 145 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഭരണഘടനാ നിർമ്മാണത്തിനായുള്ള സഭ ചേരുന്നതിനായി കൂടുതൽ ഇരിപ്പിടങ്ങൾ ഇവിടെ സജ്ജീകരിക്കേണ്ടി വന്നു. ഇതിന് ശേഷവും നിരവധി തവണ ഇവിടെ ജനപ്രതിനിധികൾക്ക് ഇരിക്കുവാനുള്ള സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കെട്ടിടത്തിന് ഉള്ളിൽ ഇതിനായി നിരവധി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
സ്വതന്ത്ര ഭാരതത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന 1952ൽ 461 സീറ്റുകളുണ്ടായിരുന്നത്. എന്നാൽ അടുത്ത തിരഞ്ഞെടുപ്പായപ്പോഴേക്കും ഇതിന്റെ എണ്ണം 499 ആയി ഉയർന്നു. നിലവിൽ പാർലമെന്റിന്റെ സെട്രൽ ഹാളിൽ 550 സീറ്റുകളാണ് ഉള്ളത്. പഴയകാല നിർമ്മിതിയായതിനാൽ പലപ്പോഴും ഹാളിന് ബലമേകുന്ന തൂണുകൾക്ക് പിന്നിൽ മറഞ്ഞിരിക്കേണ്ട ഗതികേടിലാണ് പിൻനിരയിലെ എം പിമാരുടെ സീറ്റുകളെന്നതാണ് വേദനാജനകമായ കാഴ്ച. ജനാധിപത്യത്തിന്റെ കാഴ്ച മറയ്ക്കുന്ന ഇത്തരം സീറ്റുകൾ ഒരു എം പി ഒരിയ്ക്കലും ആഗ്രഹിക്കില്ലെന്നതാണ് വസ്തുത.
ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് പാർലമെന്റിൽ അംഗങ്ങളുടെ എണ്ണം നിജപ്പെടുത്തുന്നത്. 1971 ലെ സെൻസസ് അനുസരിച്ചാണ് നിലവിലെ 545 സീറ്റുകളെന്ന കണക്കിൽ ലോക്സഭയിലെ ജനപ്രതിനിധികളുടെ എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ സീറ്റ് വിഹിതത്തിന്റെ കാലവധി 2026വരെയാണുള്ളത്. 2001 ലെ സെൻസസ് പ്രകാരം പുതിയ നൂറ്റാണ്ടിലെ അംഗങ്ങളുടെ എണ്ണം പുതുക്കി നിർണ്ണയിക്കുമെന്ന് കണക്കാക്കുന്നു. ഇവരെ കൂടി ഉൾക്കൊള്ളാനുള്ള ശേഷി നിലവിലെ ഹാളിനില്ലാത്തതാണ് പുതിയ പാർലമെന്റ് മന്ദിരം ആവശ്യമായി തീർക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരത്തിന് ഒട്ടേറെ സവിശേഷതയും ഉണ്ട്. ഓരോ എം പിക്കും വ്യക്തിഗത ഓഫീസുകൾ ഈ മന്ദിരത്തിൽ ഉണ്ടാവും. നിലവിലെ പാർലമെന്റ് മന്ദിരം മ്യൂസിയമായി സംരക്ഷിച്ചു കൊണ്ട് തൊട്ടടുത്തായി പുതിയ മന്ദിരം പണിയുവാനുള്ള രൂപരേഖയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ഗതാഗത ഭവൻ, ശ്രാം ശക്തി ഭവൻ എന്നിവ പൊളിക്കേണ്ടി വരും. എന്നാൽ സെൻട്രൽ വിസ്ത പദ്ധതിക്കെതിരായ ഹർജി കണക്കിലെടുത്ത് സുപ്രീം കോടതി സ്വയമേധയാ കേസിൽ കഴിഞ്ഞ ദിവസം ഇടപെടുകയായിരുന്നു.