
ന്യൂഡൽഹി: പടിഞ്ഞാറൻ ഹിമാലയൻ പ്രദേശത്ത് ഇന്ന് കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാദ്ധ്യത. ഡിസംബർ 7 മുതൽ 9 വരെ ജമ്മു കാശ്മീർ, ലഡാക്ക്, ഗിൽഗിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴയും മഞ്ഞും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മഴയും മഞ്ഞുമൊക്കെ ഉണ്ടാകുമെങ്കിലും വടക്കൻ സമതലങ്ങളിലെ താപനില ഉടനടി കുറയില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. 'പടിഞ്ഞാറൻ ഹിമാലയത്തിൽ തുടർച്ചയായി പടിഞ്ഞാറൻ ശീതക്കാറ്റ് (western disturbance) ഉണ്ടാകുന്നതിനാൽ താപനിലയിൽ വലിയ കുറവുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. മേഘങ്ങളുണ്ടാകും, താപനില സാധാരണയുള്ളതിനേക്കാൾ കുറവായിരിക്കും. നാളത്തെ പടിഞ്ഞാറൻ ശീതക്കാറ്റിന് ശേഷം ഡിസംബർ 11 ന് മറ്റൊരു പടിഞ്ഞാറൻ ശീതക്കാറ്റ് ഉണ്ടായേക്കാം. അതിനാൽ ഇപ്പോൾ താപനില ഗണ്യമായി കുറയാൻ സാദ്ധ്യതയില്ല. പടിഞ്ഞാറൻ ശീതക്കാറ്റ് കടന്നുപോയാൽ മാത്രമേ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുകയുള്ളൂ'- ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം മേധാവി കെ സതിദേവി പറഞ്ഞു.
വടക്കു- പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ചൊവ്വാഴ്ച വായുവിന്റെ ഗുണനിലവാരം വളരെ മോശമാണ്. ഇന്ന് രാവിലെ ഈ പ്രദേശങ്ങളിൽ ചെറിയ രീതിയിൽ മൂടൽമഞ്ഞ് ഉണ്ടായിരുന്നു. ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹരിയാന, പശ്ചിമ രാജസ്ഥാൻ, കിഴക്കൻ ഉത്തർപ്രദേശ്, ബീഹാർ, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര, ഉപ ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ തിങ്കളാഴ്ച മൂടൽ മഞ്ഞ് മൂലം ഗതാഗതം തടസപ്പെട്ടു.