vs-

തിരുവനന്തപുരം : ശാരീരികാവശതകളാൽ യാത്ര ചെയ്യരുതെന്ന ഡോക്ടർമാരുടെ കർശന നിർദ്ദേശം പാലിച്ച് തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ ആവേശമായിരുന്ന വി എസ് അച്യുതാനന്ദൻ ഇന്ന് പോളിംഗ് ബൂത്തിലേക്കില്ലെന്ന വാർത്തയിൽ പാർട്ടി അണികൾ ഏറെ നിരാശരാണ്. മുൻപ് പലപ്പോഴും കുടുംബ സമേതം ആലപ്പുഴയിലെത്തി വോട്ടിട്ട് മടങ്ങുമ്പോൾ മാദ്ധ്യമപ്രതിനിധികളോട് അദ്ദേഹം നടത്തുന്ന പ്രതികരണങ്ങൾ തിരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിക്കാൻ പോരുന്നതായിരുന്നു. വാക്കുകൾ വേണ്ട വി എസിന്റെ ചിരിതന്നെ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായിട്ടുണ്ടെന്നതാണ് വസ്തുത. എന്നാൽ ഇന്ന് അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ വിശ്രമത്തിലാണ്.

ശാരീരിക അവശതമൂലം യാത്ര ചെയ്യാനാവാത്തതിനാൽ പോസ്റ്റൽ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മിഷന് ഒരാഴ്ച മുമ്പ് അപേക്ഷ നൽകിയെങ്കിലും അനുവദിക്കാനാവില്ലെന്നാണ് കമ്മിഷൻ അറിയിച്ചത്. എന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 65 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപെടുത്താൻ 1961 ലെ തിരഞ്ഞെടുപ്പ് ചട്ടത്തിൽ കൊണ്ട് വന്ന ഭേദഗതിയെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വി എസിന്റെ അപേക്ഷയിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥൻമാർ പരിഗണിച്ചില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സുപ്രീം കോടതിയിൽ ഇതുസംബന്ധിച്ച ഒരു ഹർജി പരിഗണിക്കവേയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ചുള്ള കത്ത് കഴിഞ്ഞ ജൂലായിൽ സംസ്ഥാനങ്ങളിൽ ചുമതലയുള്ളവർക്ക് അയച്ചതായും കത്തിൽ വ്യക്തമാണ്.