
തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാർ വിജയശാന്തി ബി.ജെ.പിയിൽ ചേർന്നു.രാഷ്ട്രീയത്തിൽ തുടക്കം കുറിച്ച പ്രസ്ഥാനത്തിലേക്കാണ് തന്റെ മടക്കയാത്രയെന്ന് വിജയശാന്തി പറയുന്നു
--------------------------------------------------------------------------------------------------------------------------------
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തെന്നിന്ത്യൻ താരങ്ങളുടെ രാഷ്ട്രീയ കുറുമാറ്റവും പുതിയ രാഷ്ട്രീയ പാർട്ടികളുടെ രൂപീകരണവുമാണ് തമിഴ് രാഷ്ട്രീയ - സിനിമ രംഗത്തെ പ്രധാനചർച്ച.സ്റ്റൈൽ മന്നൻ രജനികാന്ത് സ്വന്തമായി രാഷ്ട്രീയ പാർട്ടിയുമായി രംഗത്ത് വരുമ്പോൾ തമിഴ് ജനത ആ പാർട്ടിയെയും അതിനോടൊപ്പം ആരെല്ലാം ചേരുമെന്നും ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്.
ഈ മാസം അവസാനമാണ് രജനികാന്ത് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുക.അതോടൊപ്പം കമൽ ഹാസൻ അണിചേരുമോ എന്ന ചോദ്യവും തമിഴകത്ത് ഉയർന്നു വരുന്നുണ്ട്. തെന്നിന്ത്യൻ താര റാണി ഖുശ്ബു കോൺഗ്രസിൽ നിന്ന് ബി .ജെ .പിയിലേക്ക് ചുവടുമാറ്റിയത് കോൺഗ്രസിന് വലിയ ആഘാതം ഏൽപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഖുശ്ബുവിന്റെ അതേ വഴി സ്വീകരിച്ചിരിക്കുകയാണ് തെലുങ്കിലെ താരറാണിയായ വിജയ ശാന്തി. 2014 ലാണ് വിജയ ശാന്തി കോൺഗ്രസിനൊപ്പം ചേരുന്നത്.
തെലുങ്കാന കോൺഗ്രസിന്റെ സജീവ സാരഥിയായിരുന്നു വിജയശാന്തി. ബി .ജെ .പി ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വിജയ ശാന്തി ഉയർത്തിയ ചില പരാമർശങ്ങൾ നേരത്തെ വിവാദങ്ങളായിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജയശാന്തി വീണ്ടും ബി. ജെ. പിയിലേക്ക് തിരിച്ചുപോയത് താരത്തിന്റെ ആരാധകരെയും അണികളെയും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച വിജയശാന്തി കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബി ജെ പി ആസ്ഥാനത്ത് കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു താരം ബി. ജെ. പി അംഗത്വം സ്വീകരിച്ചത്.കോൺഗ്രസ് ദിശാബോധം നഷ്ടപ്പെട്ട പാർട്ടിയാണെന്നും ബി .ജെ .പി ജനങ്ങളുടെ പാർട്ടിയാണെന്നും പാർട്ടി അംഗത്വം സ്വീകരിച്ച് വിജയ ശാന്തി പ്രതികരിച്ചു.
1998ൽ ബിജെപിയിലൂടെയാണ് വിജയശാന്തി രാഷ്ട്രീയത്തിലേക്ക് ചുവടെടുത്തു വയ്ക്കുന്നത്. തുടർന്ന് ബിജെപി മഹിളാ മോർച്ചാ സെക്രട്ടറിയായി. പിന്നീട് ബിജെപി വിട്ട അവർ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും 2009ൽ ഈ പാർട്ടി ടി.ആർ.എസിൽ(തെലുങ്കാന രാഷ്ട്ര സമിതി ) ലയിച്ചു. അക്കൊല്ലം തന്നെ മേദക്കിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2014ൽ ടി.ആർ.എസ് അവഗണിക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു.എന്നാൽ തെലുങ്കാനയിൽ കോൺഗ്രസ് എല്ലാത്തരത്തിലും ക്ഷീണിച്ചതോടെ കഴിഞ്ഞ കുറച്ചു കാലമായി സജീവ രാഷ്ട്രിയത്തിൽ നിന്ന് താരം വിട്ടു നിൽക്കുകയായിരുന്നു.
ബഹുഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് വിജയശാന്തി. മലയാളത്തിൽ കല്ലുകൊണ്ടൊരു പെണ്ണ് , യുവതുർക്കി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.
കർത്തവ്യം എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയ മികവിന് താരത്തിന് ദേശിയ അംഗീകാരം ലഭിച്ചിട്ടുണ്ട്. എം .വി .ശ്രീനിവാസ് പ്രസാദാണ് ഭർത്താവ്. അഭിനേതാവ് എന്നതിനൊപ്പം സിനിമ നിർമാതാവുകൂടിയാണ് വിജയ ശാന്തി.