thomas-issac

ആലപ്പുഴ: വിവാദങ്ങൾക്കിടെ മാദ്ധ്യമങ്ങളെ അറിയിക്കാതെ നേരത്തേ വോട്ട് ചെയ്‌ത് മടങ്ങി ധനമന്ത്രി തോമസ് ഐസക്ക്. ആലപ്പുഴ എസ്‍ ടി ബി സ്‌കൂളിൽ രാവിലെ പത്തരയോടെ വോട്ട് ചെയ്യാനെത്തുമെന്നാണ് മന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നത്. എന്നാൽ മാദ്ധ്യമങ്ങൾ അവിടെ എത്തിയപ്പോഴേക്കും മന്ത്രി വോട്ട് ചെയ്‌ത് മടങ്ങുകയായിരുന്നു.

വോട്ട് ചെയ്‌ത് മടങ്ങിയ മന്ത്രി മാദ്ധ്യമങ്ങളെ കാണുന്നത് ഒഴിവാക്കുകയും ചെയ്‌തു. ഇതിനെപ്പറ്റി ചോദിക്കാൻ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവർ പ്രതികരിക്കാൻ തയ്യാറായില്ല. മന്ത്രി എറണാകുളത്തേക്കാണ് വോട്ട് ചെയ്‌ത ശേഷം പോയതെന്നാണ് അറിയുന്നത്.

സി എ ജി റിപ്പോർട്ട് വിവാദത്തിൽ അകപ്പെട്ട മന്ത്രി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിയാതെ ഇനി ഒരു വിഷയത്തിലും പ്രതികരിക്കുകയില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാകണം മാദ്ധ്യമങ്ങളെ ഒഴിവാക്കി ധനമന്ത്രി നേരത്തേ വോട്ട് ചെയ്‌ത് മടങ്ങിയതെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, തിരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്‌തുവെന്ന് മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തിരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്നു തന്നെയാണ് കരുതുന്നതെന്നും സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് ഈ സർക്കാരിന്റെ കാലത്ത് നാട്ടിലുണ്ടായതെന്നും തോമസ് ഐസക്ക് ഫേസ്‌ബുക്കിൽ കുറിച്ചു.

എസ്ഡിവി ഹൈസ്കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ ആലപ്പുഴ നഗരസഭയിലേയ്ക്ക് രാവിലെ തന്നെ വോട്ടു ചെയ്തു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി...

Posted by Dr.T.M Thomas Isaac on Monday, December 7, 2020