tpr

തിരുവനന്തപുരം: സ്വർണക്കടത്തിലെയും ഡോളർ കടത്തിലെയും ഉന്നത ബന്ധം വെറും ആരോപണം മാത്രമാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ആരോപണം ഉയർത്തിയവർക്ക് അത് തെളിയിക്കാനായിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണക്കടത്തിലെ ഉന്നതനെക്കുറിച്ചുളള ആരോപണത്തിനെതിരെ സി പി എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിളള നേരത്തേ രംഗത്തെത്തിയിരുന്നു. ആരോപണത്തെ ജനം പുച്ഛിച്ചുതളളുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്വർണക്കടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനും ചില മന്ത്രിമാർക്കും പങ്കുണ്ടെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയത് സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കിയിട്ടുണ്ട്. സ്വർണക്കടത്തുകേസിൽ നേരത്തേ പ്രതിരോധത്തിലായിരുന്നു പാർട്ടി. സ്വർണക്കടത്തിൽ സ്പീക്കർക്ക് നേരിട്ട് പങ്കുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. സ്പീക്കറുടെ വിദേശയാത്രകൾ പലതും ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഭ​ഗവാന്റെ പേരുള്ള ആളാണ് സ്വർണ, ഡോളർ കടത്ത് കേസിലെ ഉന്നതൻ എന്ന് കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ സൂചിപ്പിച്ചിരുന്നു.