
പ്രിയപ്പെട്ട സഹയാത്രികേ നമുക്കിനി
ചെടിപ്പുള്ള സായാഹ്നങ്ങളിലേക്കും
കനംവച്ച ജൈവവാക്യങ്ങളിലേക്കും 
തിരികേപ്പോകാം ഇരുളിന്നുമപ്പുറം
തെളിഞ്ഞ പ്രഭാതമുണ്ടെന്ന്
ഓർത്തിരിയ്ക്കാം.
നീയെനിയ്ക്ക് ആരായിരുന്നു
ഒരിരുണ്ട രാത്രിയുടെ അന്ത്യത്തിൽ
കൈയ്യിൽ മോഹിപ്പിക്കുന്ന 
റോസാപ്പൂക്കളുമായി വന്ന
നീ എനിയ്ക്കാരായിരുന്നു
ഒരു രാത്രിയുടെ അവസാനം
നിറമില്ലാത്ത ചില സ്വപ്നങ്ങളുടെ ബാക്കിയിൽ
കഫക്കെട്ടും രക്തവും വിസർജ്ജിച്ച
മുടിഞ്ഞ നെഞ്ചകത്തേക്ക്
താമരപ്പൂവിന്റെ സ്നിഗ്ദ്ധതയോടെ
ഒരിണപ്രാവിന്റെ കൊഞ്ചലോടെ
കടന്നുവന്ന നീ എനിയ്ക്കാരായിരുന്നു
ആ രാവിന്റെ അന്ത്യത്തിൽ
നീയെന്നെ കൈപിടിച്ചത്
പ്രശാന്തതയിലേക്കായിരുന്നു
ഇരുൾ വീണ നടപ്പാതകളിൽ
ചെടിച്ച ബന്ധങ്ങളുടെ ബാക്കിയിൽ
കാണാതെ പോയ പൂരക്കാഴ്ചകളിൽ
ഞാൻ കണ്ടെത്താതിരുന്ന
ഒരു കുമ്പിൾനിറഞ്ഞ
സുഗന്ധമായിരുന്നുവല്ലോ നീ
എന്നിട്ടും ഞാൻ നിന്നെ 
സ്നേഹിക്കാതിരിക്കുന്നു.
ഒരു മുളപൊട്ടുന്ന ഉർവ്വരതയിൽ
ഒരു പിറവിയുടെ വേദനയിൽ
മരുഭൂമിയിൽ അമ്മയപേക്ഷിച്ച ഒരു 
കൈകുഞ്ഞിന്റെ
പേടിച്ചരണ്ട ശബ്ദംപോലെ
ചിരിയ്ക്കാൻ മറന്ന് മരിച്ചപോയ
ഒരു മനുഷ്യന്റെ ഹൃദയം പോലെ
ആരവമൊഴിഞ്ഞ ഉത്സവപ്പറമ്പിന്റെ 
വേദന പോലെ ഒരു മുടിഞ്ഞ വികാരത്തിന്റെ മേഘ ത്തുണ്ടുകളിലേക്ക്
നമുക്ക് പറന്നുപോകാം
നാം സ്വപ്നംകണ്ട ആകാശങ്ങളൊന്നും
അവിടെ ഉണ്ടാകില്ല
അവിടെ പ്രതിമകളെപ്പോലെ മനുഷ്യർ
മൂകരായിരിക്കുന്നു
കാല്പാദങ്ങളിൽ വിലക്കുകളുടെ 
ചങ്ങല ഹൃദയങ്ങളിൽ
ഉരുട്ടിക്കൂട്ടിയ മൂകതയുടെ
വിഷമവൃത്തം ചലനങ്ങളിൽ യാന്ത്രികത
കെട്ടിപ്പിടിക്കുമ്പോൾപോലും
ഇഷ്ടമാകാത്ത ഗന്ധങ്ങളുടെ
ഒഴിഞ്ഞു മാറ്റം ചിരിയ്ക്കുന്നവർക്ക് 
ശിക്ഷകൾ നൽകാൻ ചിരിയ്ക്കാത്തവരും
കരയുന്നവരെ കൂടുതൽ കരിയിക്കാൻ
കരയാത്തവരും ചിത്രശലഭത്തിന്റെ 
ചിറകിന്റെ വർണ്ണങ്ങൾ വെട്ടിമാറ്റി
ഷോക്കേസ് നിറയ്ക്കുന്നവർ
ഒരു പുൽച്ചാടിയെ തീയിലിട്ടുകൊന്ന്
കരുതിയിരിക്കുന്നവർ
ജീവിയ്ക്കാൻ ഭയപ്പെടുന്നവർ
ഈ വിഷമവൃത്തത്തിലാണ് നാം
നമ്മെയോർക്കുന്നത്
നമ്മുടെ സ്വപ്നങ്ങളോർക്കുന്നത്
വിലയില്ലാത്ത വലിയമൂല്യങ്ങളിൽ
നാം അടിയറവുവച്ച
വിശുദ്ധ പ്രണയത്തെയോർമ്മിക്കുന്നത്
ഒരു ചുംബനത്തിന് നാം കാത്തുസൂക്ഷിച്ച
വലിയ ഇടവേളകളോർമ്മിക്കുന്നത്
പകുത്തുവച്ച മഞ്ചാടിക്കുരുക്കളും
പറയാതെപോയ യാത്രാമൊഴികളും
പാതവക്കിലെ ഒരുവാൽനീട്ടിക്കിളിയുടെ
കള്ളംപറയുന്ന കറുത്ത കണ്ണുകളും
തെളിഞ്ഞമാനം ഒഴുകി നടക്കുന്ന
തനിച്ചൊഴുക്കുന്ന ചിരിച്ചപുഴയും
ഒക്കെ ഇടവേളകളാകുന്ന
ഒരു നരച്ച സ്വപ്നം മാത്രം
ചലിയ്ക്കാനാകാത്ത വൃക്ഷങ്ങൾ
കഴിഞ്ഞ ജന്മങ്ങളിൽ
സ്നേഹിക്കാൻ മറന്നുപോയ 
മനുഷ്യരായിരുന്നു
അവരുടെ ഹൃദയങ്ങളിൽ
ഒരിക്കലും പകർന്നു കൊടുക്കാനാകാത്ത 
ചുംബനങ്ങളുണ്ട്.