sabarimala-

തിരുവനന്തപുരം : മണ്ഡലകാലത്ത് ശബരിമലയിൽ നിന്നും ലഭിക്കുന്ന വരുമാനമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുഖ്യമായ സാമ്പത്തിക സ്രോതസ്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ സർക്കാർ ശക്തമാക്കിയപ്പോൾ സന്നിധാനത്ത് ഭക്തരുടെ എണ്ണം നൂറിലൊന്നായി കുറഞ്ഞിരിക്കുകയാണിപ്പോൾ. ദേവസ്വം ബോർഡിന്റെ വരുമാനത്തിലും ഇത് ഗണ്യമായ കുറവിന് കാരണമായിട്ടുണ്ട്. ശബരിമലയിൽ നിന്നുമുള്ള വരുമാനം കുറഞ്ഞതോടെ മുണ്ട് മുറുക്കുവാനും പുതിയ വരുമാന മാർഗങ്ങൾ തേടുവാനും തീരുമാനിച്ചിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

ബോർഡിന് കീഴിലുളള ക്ഷേത്രങ്ങളിൽ നിത്യ പൂജയ്‌ക്കോ ചടങ്ങുകൾക്കോ ഉപയോഗിക്കേണ്ടാത്ത സ്വർണം, വെള്ളി തുടങ്ങിയ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. അറുന്നൂറോളം ക്ഷേത്രങ്ങളിലെ രജിസ്റ്ററുകളാണ് ഇതിനായി പരിശോധിക്കുന്നത്. ഇത്തരത്തിൽ ഉപയോഗിക്കപ്പെടാത്ത സ്വർണം റിസർവ് ബാങ്കിന്റെ സ്വർണബോണ്ടിൽ നിക്ഷേപിക്കാനാണ് പദ്ധതി. സ്വർണബോണ്ടിലൂടെ വരുമാനം ഉയർത്താൻ ഹൈക്കോടതിയുടെ അനുമതി തേടുമെന്നും സൂചനയുണ്ട്. അതേസമയം വഴിപാടിന്റെ നിരക്ക് വർദ്ധിപ്പിക്കുവാനുള്ള ചർച്ചകൾ നടന്നുവെങ്കിലും ഇത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല. കൊവിഡ് കാലയളവിൽ ഓൺലൈൻ വഴിയുള്ള വഴിപാടുകൾ, കാണിക്ക എന്നിവ വർദ്ധിപ്പിക്കുവാനുള്ള നടപടികൾ കൈക്കൊള്ളും. അനുമതിയില്ലാതെ ക്ഷേത്രങ്ങളിൽ അനാവശ്യ ചടങ്ങുകൾക്ക് പണപ്പിരിവ് നടത്തുന്ന ഉപദേശകസമിതികൾക്കു തടയിടാനും തീരുമാനമായിട്ടുണ്ട്.

ക്ഷേത്രങ്ങളിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ഭക്തജനങ്ങളോട് കൂടുതൽ മര്യാദയോടെ പെരുമാറണമെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ബോർഡ്. ഇതിനായി മിന്നൽ പരിശോധന നടത്തും. ശബരിമലയിൽ നിന്നുള്ള വരുമാനക്കുറവാണ് മറ്റുവഴികൾ തേടാൻ ബോർഡിനെ പ്രേരിപ്പിച്ചിരിക്കുന്നത്. മണ്ഡലകാലത്ത് ശബരിമലയിൽ ആദ്യ 20 ദിവസത്തെ വരുമാനം മൂന്നേകാൽക്കോടി രൂപ മാത്രമാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 66 കോടിയായിരുന്നു വരുമാനം.