farmers-protest

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ത് രാവിലെ ആരംഭിച്ചു. ഡൽഹിയേയും ഗാസിയാബാദിനെയും ബന്ധിപ്പിക്കുന്ന ഗാസിപ്പൂർ-ഗാസിയാബാദ് (യുപി ഗേറ്റ്) അതിർത്തിയിൽ കർഷകർ ഉപരോധിച്ചു.

അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങളെ തടയുന്നില്ല. സ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും, ട്രാഫിക് പൊലീസിനെയും വിന്യസിച്ചു. ഡൽഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേ കൂടാതെ കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് പൂർണ്ണമായും അടച്ചിട്ടിരിക്കുന്ന മറ്റ് ഏഴ് അതിർത്തികളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

അധികൃതർ അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിർത്തികൾ നിരീക്ഷിക്കാൻ പൊലീസ് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താനും പൊതുമുതൽ സംരക്ഷിക്കാനും കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇരുപതിലധികം പ്രതിപക്ഷ പാർട്ടികളുടേയും, വിവിധ സംഘടനകളുടേയും പിന്തുണയോടെയാണ് ഭാരത് ബന്ത്. പ്രശ്നപരിഹാരത്തിനായി കേന്ദ്രസർക്കാർ നാളെ കർഷക നേതാക്കളുമായി ആറാം വട്ട ചർച്ച നടത്തും