diamond

ഒറ്റ രാത്രികൊണ്ട് കോടിപതി ആകുന്ന സംഭവങ്ങൾ കെട്ടുകഥകളിൽ മാത്രമേ കേട്ടിട്ടുള്ളൂ. എന്നാൽ മദ്ധ്യപ്രദേശിലെ ഒരു കർഷകൻ ഒറ്റ രാത്രി കൊണ്ടാണ് ധനികനായ സംഭവമാണിത്. കൃഷിയിടത്തിൽ നിന്ന് ലഭിച്ച വജ്രം ലേലം ചെയ്തപ്പോൾ 60.6 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്.
മദ്ധ്യപ്രദേശ് പന്നയിലെ 45കാരനായ കർഷകൻ ലഖാൻ യാദവിനാണ് കുറച്ചുനാൾ മുമ്പ് കൃഷിയിടത്തിൽ നിന്ന് വജ്രം ലഭിച്ചത്. പാട്ടഭൂമിയിലാണ് ലഖാൻ യാദവിനെ ഭാഗ്യം കടാക്ഷിച്ചത്. കൃഷി ആവശ്യത്തിനായി കുഴി എടുക്കുമ്പോഴാണ്, തിളങ്ങുന്ന ഒരു കല്ല് കണ്ടത്. അത് ഒരു സാധാരണ കല്ലാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ കല്ലിന്റെ ആപൂർവമായ തിളക്കം കണ്ട് പട്ടണത്തിലെ ഒരു ജുവലറിയിൽ കൊണ്ടു പോയി പരിശോധിച്ചപ്പോഴാണ് ഇത് വജ്രമാണെന്ന് മനസ്സിലായത്. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സമീപിച്ചു അത് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി ഈ വജ്രക്കല്ല് ലേലം ചെയ്തു. ലേലത്തിൽ 60.6 ലക്ഷം രൂപയാണ് ഈ കല്ലിന് ലഭിച്ചത്.

ഒറ്റ രാത്രികൊണ്ട് ലക്ഷാധിപതിയായെങ്കിലും ലഖാൻ യാദവിന് അമിതമായ ആഗ്രങ്ങളൊന്നുമില്ല. നാലു മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകണമെന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
കർഷകന് വയലുകളിൽ നിന്ന് വജ്രം കണ്ടെത്തിയ സംഭവങ്ങൾ ഇവിടെ നിരവധിയുണ്ടായിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തിൽ, പന്നയിലെ തന്നെ കൃഷിയിടത്തിൽനിന്ന് 30 ലക്ഷം മുതൽ 35 ലക്ഷം വരെ വിലവരുന്ന മൂന്ന് വജ്രക്കല്ലുകൾ കണ്ടെത്തിയിരുന്നു.