jet

ന്യൂഡൽഹി: സാമ്പത്തിക ബാദ്ധ്യതയിൽ പാപ്പരായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മാസത്തോടെ പ്രവർത്തനം നിർത്തിയ ജെ‌റ്റ് എയർവെയ്‌സ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് പുതിയ ഉടമസ്ഥർ. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംരംഭകൻ മുരാരി ലാൽ ജലാനും ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൽറോക് ക്യാപി‌റ്റലും ചേർന്ന കൺസോർഷ്യത്തിനാണ് നിലവിൽ ജെ‌റ്റ് എയർവെയ്‌സിന്റെ നടത്തിപ്പ്. 2021 വേനൽകാലത്താണ് ജെ‌റ്റ് എയർവെയ്‌സ് പ്രവർത്തനം തുടങ്ങുക.

'ജെ‌റ്റ് എയർവെയ്‌സിന്റെ പൂർവകാല കീർത്തിയിലേക്ക് തിരികെ കൊണ്ടുവരാനുള‌ള ശ്രമമാണ് ജെ‌റ്റ് 2.0 പ്രോഗ്രാം.' കൺസോർ‌ഷ്യം പ്രസ്‌താവനയിൽ അറിയിച്ചു. പാപ്പരായ കേസിൽ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ അനുമതി നൽകിയാലുടൻ ദേശീയവും അന്തർദേശീയവുമായ റൂട്ടുകളിൽ പ്രവർത്തനം തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. ഒരിക്കൽ രാജ്യത്ത് ഏ‌റ്റവുമധികം സർവീസുകൾ നടത്തിയിരുന്ന കമ്പനിയായിരുന്നു ജെ‌റ്റ് എയർവെയ്‌സ്. പദ്ധതികൾ കൃത്യമായി നടന്നാൽ 2021 ആദ്യം തന്നെ കമ്പനി പൂർണമായും പ്രവർത്തനക്ഷമമാകും.

മുൻപത്തെ പോലെ തന്നെ മുംബയ്, ഡൽഹി, ബംഗളുരു എന്നിവയായിരിക്കും ജെ‌റ്റ് എയർവെയ്‌സിന്റെ ഹബ്ബുകൾ. കമ്പനിയിലൂടെ ചരക്ക് ഗതാഗതം ശക്തമാക്കാനും കൺസോർഷ്യത്തിന് പദ്ധതിയുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം ലോകത്തെ ഒട്ടുമിക്ക വ്യോമയാന ഗതാഗത കമ്പനികളും കഷ്‌ടപ്പെടുമ്പോഴാണ് ജെ‌റ്റ് എയർവെയ്‌സിന്റെ ഈ പുനരാരംഭ പദ്ധതി. കമ്പനിയ്‌ക്ക് കടം നൽകിയവർ ഈ പദ്ധതികൾ അംഗീകരിച്ചു കഴിഞ്ഞു. 21,000 പേരിൽ നിന്ന് 44,000 കോടിയുടെ കടബാദ്ധ്യതയാണ് കമ്പനിയ്‌ക്കുള‌ളത്.