
ന്യൂഡൽഹി: കർഷക സമരത്തെയും ഭാരത് ബന്ദിന് പിന്തുണ നൽകുന്ന പ്രതിപക്ഷ പാർട്ടികളെയും വിമർശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ രംഗത്തെത്തി. ബില്ലിനെ എതിർക്കുന്നവർ ഇരട്ടത്താപ്പ് നടത്തുകയാണെന്നും അധികാരത്തിലിരിക്കുമ്പോൾ കരാർ കാർഷിക നിയമങ്ങൾ കൊണ്ടുവന്ന കോൺഗ്രസിനെപ്പോലെയുളളവരാണ് കാർഷിക നിയമങ്ങളെ ഇപ്പോൾ എതിർക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാർഷിക വിഭവങ്ങൾക്കുളള താങ്ങുവില തുടരുമെന്നും മറിച്ചുളള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
'തങ്ങളുടെ വിളകൾക്ക് മെച്ചപ്പെട്ട വിലയാണ് കർഷകർ ആവശ്യപ്പെട്ടത്. എന്നാൽ പുതിയ നിയമത്തിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസർക്കാർ അവർക്ക് വിലയുടെ അമ്പതുശതമാനം അധികമാണ് നൽകുന്നത്. കോൺഗ്രസ് അവരുടെ ഭരണകാലത്ത് കർഷകർക്ക് ഒന്നും നൽകിയില്ല'- ജാവദേക്കർ പറഞ്ഞു. പ്രതിപക്ഷത്തെ വിമർശിച്ച് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്യുന്നത് പ്രതിപക്ഷ പാർട്ടികളുടെ പഴയരീതിയാണെന്നും അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസും എൻ സി പിയും കർഷകർക്ക് എതിരായ ബില്ലുകളെ പിന്തുണച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ.
കേന്ദ്ര സർക്കാരിന്റെ അനുനയശ്രമങ്ങൾക്ക് കീഴടങ്ങാതെ, പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് കർഷകർ. പ്രതിഷേധം കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ഭാരത് ബന്ദ് നടത്തുന്നത്. കോൺഗ്രസും സി.പി.എമ്മും അടക്കം 25 രാഷ്ട്രീയകക്ഷികൾ പിന്തുണ പ്രഖ്യാപിച്ച ബന്ദിൽ ബി.ജെ.പി സഖ്യകക്ഷികളായ അസം ഗണപരിഷത്, രാജസ്ഥാനിലെ ആർ.എൽ.പി എന്നിവയും അണിനിരക്കുന്നു. കേന്ദ്രസർക്കാർ കർഷക നേതാക്കളുമായി  നടത്തുന്ന ആറാം വട്ട ചർച്ച നാളെയാണ് നടക്കുന്നത്. സമരക്കാരുടെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.