mukesh

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വലിയ വിജയം നേടുമെന്ന് മുകേഷ് എം എൽ എ. കേരള ജനത യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകും. അതിനാൽ തന്നെയാണ് തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പുകമറ സൃഷ്‌ടിക്കാനുളള വിവാദങ്ങൾ ജനങ്ങളെ ബാധിക്കുന്നതല്ലെന്നും മുകേഷ് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലത്ത് ചരിത്രം ആവർത്തിക്കും. ഇടതുപക്ഷം വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. കേരളം സാക്ഷര കേരളമാണെന്ന് ഒരിക്കൽക്കൂടി സന്ദേശം വരും. എന്തെല്ലാം കളളങ്ങളും പുകമറകളും സൃഷ്‌ടിച്ചാലും ശരിതെറ്റുകൾ മനസിലാക്കി ജനങ്ങൾ വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷ. കൊല്ലം കോർപ്പറേഷൻ പിടിച്ചെടുക്കുമെന്ന് യു ഡി എഫും തിരുവനന്തപുരം പിടിച്ചെടുക്കുമെന്ന് ബി ജെ പിയും പറയുന്നുണ്ട്. അവരത് പറഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് തിരഞ്ഞെടുപ്പിൽ നിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ആരോപണങ്ങളൊന്നും തന്നെ സംസ്ഥാന സർക്കാരിനെ ബാധിച്ചിട്ടില്ല. സ്വർണക്കടത്തൊക്കെ എല്ലാവർക്കും മനസിലായി കഴിഞ്ഞല്ലോ. അതൊക്കെയാണല്ലോ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും കേരളവുമായിട്ടുളള വ്യത്യാസവുമെന്നും മുകേഷ് പറഞ്ഞു.