
താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു നടിയുടെ ബാല്യകാല ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ആരാണ് ആ നടിയെന്നല്ലേ?
കങ്കണ റണാവത്ത് ആണ് തന്റെ ബാല്യകാല ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വളരെ ഗൗരവത്തോടെ നിൽക്കുന്ന കുട്ടിയാണ് ചിത്രത്തിലുള്ളത്. ' മറ്റു കുട്ടികളോടൊപ്പം കളിച്ചതായൊന്നും എനിക്ക് ഓർമ്മയില്ല. അന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം പാവകൾക്ക് ഫാൻസി ഗൗണുകൾ ഉണ്ടാക്കുന്നതും, മണിക്കൂറുകളോളം ഓരോന്ന് ആലോചിച്ച് ഇരിക്കുന്നതുമായിരുന്നു. ആഴത്തിൽ ചിന്തിക്കുന്ന പക്വതയുള്ള കണ്ണുകൾ.... നിർഭാഗ്യവശാൽ ചിലർ ജനിക്കുന്നതേ പ്രായമായി കൊണ്ടാണ്...അവരിൽ ഒരാളാണ് ഞാൻ.'-താരം കുറിച്ചു.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി' എന്ന ചിത്രമാണ് കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ജയലളിതയുടെ ചരമദിനത്തോട് അനുബന്ധിച്ച് സിനിമയിൽ നിന്നുള്ള കങ്കണയുടെ ചില ചിത്രങ്ങൾ നേരത്തെ താരം പുറത്തുവിട്ടിരുന്നു.