kkragesh

ന്യൂഡൽഹി: കർഷകർ നടത്തുന്ന ഭാരത് ബന്ദിന് അനുകൂലമായി സമരം ചെയ്‌ത ഇടത് നേതാക്കളായ കെ.കെ രാഗേഷ്, പി.കൃഷ്‌ണപ്രസാദ് എന്നിവർ അറസ്‌റ്റിലായി. ഗുരുഗ്രാമിൽ വച്ചാണ് ഇരുവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സി.പി.എം നേതാക്കളായ മറിയം ധാവ്‌ലെയും അമ്രാ റാമും അറസ്‌റ്റിലായിട്ടുണ്ട്.

അതേസമയം കർഷക സമരത്തിന് പങ്കെടുക്കാൻ പുറപ്പെടവെ ഭീം ആ‌ദ്മി നേതാവ് ചന്ദ്രശേഖർ ആസാദിനെയും പൊലീസ് ‌കസ്‌റ്റഡിയിലെടുത്തു. യു.പിയിലെ വീട്ടിൽ നിന്നും സമരത്തിൽ പങ്കെടുക്കാനിറങ്ങവെയാണ് ആസാദിനെ അറസ്‌റ്റ് ചെയ്‌തത്. സി.പി.എം പോളി‌റ്റ്‌ബ്യൂറോ അംഗമായ സുഭാഷിണി അലിയും വീട്ട്തടങ്കലിലാണ്. ഭാരത് ബന്ദിന് അനുകൂലമായി ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷക‌ർ ഡൽഹിയിലെത്തുകയാണ്. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിവിധ നേതാക്കളെ പല സംസ്ഥാനങ്ങളിൽ നിന്ന അറസ്‌റ്റ് ചെയ്യുകയാണ്. ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രവർത്തകരും ഭാരത് ബന്ദിന് അനുകൂല സമരം നടത്തി അറസ്‌റ്റ് ചെയ്യപ്പെട്ടുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി ചർച്ച നടത്തുകയാണ്. കർഷകസമരത്തെ അടിച്ചമർത്താനാണ് കേന്ദ്രശ്രമമെന്ന് സി.പി.എം ആരോപിച്ചു. രാജ്യത്ത് പട്ടാളഭരണം നടത്താൻ പോകുകയാണോ എന്ന് സി.പി.എം പോളി‌റ്റ്ബ്യൂറോ അംഗ് എസ്.രാമചന്ദ്രൻ പിള‌ള ചോദിച്ചു. കർഷകസമരത്തിൽ നാളെ രാഷ്‌ട്രപതിയെ കാണുമെന്ന് പ്രതിപക്ഷം അറിയിച്ചു.