local-body-election

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. വോട്ടെടുപ്പ് തുടങ്ങി ഏഴര മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 55 കടന്നു. അഞ്ച് ജില്ലകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ഭൂരിപക്ഷം ബൂത്തുകളിലും ദൃശ്യമായത്. ചിലയിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടിംഗ് തടസപ്പെട്ടു.

സമീപകാല തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ റെക്കോഡ് പോളിംഗാണ് തെക്കൻ ജില്ലകളിൽ രേഖപ്പെടുത്തുന്നത്. നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്. രാവിലെ പോളിംഗ് അൽപ്പം മന്ദഗതിയിലായിരുന്നെങ്കിലും ഇടുക്കിയാണ് പോളിംഗ് ശതമാനത്തിൽ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. വൈകുന്നേരത്തിന് മുമ്പേ പോളിംഗ് ശതമാനം അമ്പത് കടക്കുന്നത് തിരുവനന്തപുരത്തെ സംബന്ധിച്ച് അഭൂതപൂർവമായ കാഴ്‌ചയാണ്.

വോട്ടെടുപ്പിനിടെ രണ്ട് വോട്ടർമാർ കുഴഞ്ഞു വീണ് മരിച്ചു. പത്തനംതിട്ട നാറണമൂഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വോട്ട് ചെയ്യാനെത്തിയ പുതുപ്പറമ്പിൽ മത്തായി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പളളി പഞ്ചായത്തിൽ മഹാദേവികാട് സ്വദേശിയായ ബാലൻ എന്നിവരാണ് മരിച്ചത്.

പ്രായവും പരിമിതികളും വകവയ്‌ക്കാതെ നിരവധി പേരാണ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്. മാസ്‌കും സാനിറ്റൈസറും പോളിംഗ് ബൂത്തുകളിൽ വോട്ടർമാർ ഉപയോഗിച്ചെങ്കിലും സാമൂഹിക അകലം പലയിടത്തും പാലിക്കാനായില്ല.

കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ കോളശേരി വാർഡിലെ ഒന്നാം നമ്പ‍ർ ബൂത്തിൽ സി പി എം ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച പ്രിസൈഡിംഗ് ഉദ്യോഗസ്ഥ എത്തിയത് വിവാദമായി. കോൺഗ്രസ് പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥ‍യെ മാറ്റി. ആലപ്പുഴയിൽ ബൂത്തിൽ വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന പാർട്ടികളുടെ പരാതിയെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റിനെ പുറത്താക്കി.

തിരുവനന്തപുരം കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിൽ കോൺഗ്രസ് സി പി എം പ്രവർത്തകർ‌ തമ്മിൽ ഉന്തും തളളുമുണ്ടായി. കിളിമാനൂർ മടവൂർ വാർഡ് ആറിലെ പനപ്പാംകുന്ന് സ്‌കൂളിൽ രണ്ട് മണിക്കൂറോളം വോട്ടിംഗ് മുടങ്ങി.